വീണ വിജയന്റെ സാമ്പത്തിക ഇടപാടിൽ സിപിഐയിൽ അതൃപ്തി, അഴിമതിയുടെ ഭാഗമെന്ന് ജില്ലാ നേതൃയോഗത്തിൽ വിമർശനം

 
333

കൊല്ലം: സിഎംആർഎൽ-എക്സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്ക് ലഭിച്ച തുകയ്ക്കെതിരെ സിപിഐ കൊല്ലം ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനം. വീണയുടെ അക്കൗണ്ടിലേക്ക് പണം വന്നത് അഴിമതിയുടെ ഭാഗമാണെന്നും, ഇതിനെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ഇടതുസർക്കാരിന്റെ കാലത്ത് ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

സിപിഐ ജില്ലാ നേതൃയോഗത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെയും കടുത്ത ആരോപണങ്ങൾ ഉയർന്നു. പാർട്ടിയുടെ വളർച്ച തടയാൻ ശ്രമിക്കുന്നത് സിപിഐഎം ആണെന്നും, കോൺഗ്രസോ ബിജെപിയോ മുസ്ലിം ലീഗോ അല്ല സിപിഐയുടെ തകർച്ചയ്ക്ക് കാരണമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ സിപിഐഎം-ബിജെപി ഒത്തുകളി (ഡീൽ) നടന്നതായും നേതാക്കൾ ആരോപിച്ചു.

ഇതിനിടെ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോട് (ഇഡി) സാവകാശം തേടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇ-മെയിൽ വഴിയാണ് അവർ സമയം ആവശ്യപ്പെട്ടത്. മുഴുവൻ രേഖകളും അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, പിഎംഎൽഎ (PMLA) വകുപ്പ് 50 പ്രകാരം വീണ നേരിട്ട് ഹാജരാകണമെന്നാണ് നിയമം.

സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ച് വിശദമായ ചോദ്യാവലി ഇഡി നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സിവിൽ കോടതി സമൻസിന് തുല്യമായ വകുപ്പ് പ്രകാരം സമൻസ് ലഭിച്ചതിനാൽ, വെള്ളിയാഴ്ച ഹാജരായില്ലെങ്കിലും മറ്റൊരു തീയതിയിൽ വീണയ്ക്ക് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും.

Tags

Share this story

From Around the Web