രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂര്‍ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച റപ്പലിങ് ഇന്‍സ്ട്രക്ടര്‍ ആര്‍. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ നടപടി. പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ.പിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശം നല്‍കി. സംഭവത്തെകുറിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രിയുടെ നടപടി.
എംബാം ചെയ്യാതെയും മതിയായ ഫ്രീസര്‍ സൗകര്യമില്ലാതെയുമാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് നിയാസും മുഹമ്മദ് തന്‍വീറുമാണ് അനാസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളത്തില്‍ വീണുമരിച്ചതിനാല്‍ ശരീരം വീര്‍ത്ത അവസ്ഥയിലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസര്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, യാതൊരു മുന്‍കരുതലുമില്ലാതെയാണ് മൃതദേഹം കൊണ്ടുപോയത്.
തൃശ്ശൂര്‍ ചാവക്കാട് എത്തിയപ്പോഴാണ് ആംബുലന്‍സിലെ വീഴ്ച തിരിച്ചറിഞ്ഞത്. ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുവന്നതിനെ തുടര്‍ന്ന് ഭൗതിക ദേഹത്തിന് കേടുപാടുകള്‍ സംഭവിക്കുമോ എന്ന് ഭയന്ന ഡ്രൈവര്‍മാര്‍, ചാവക്കാട് വെച്ച് മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിലുള്ള മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ഫ്രീസര്‍ സൗകര്യമുള്ള വാഹനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മൃതദേഹം വഴിയില്‍വെച്ച് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍. രാജേഷ് (36) മരിച്ചത്. മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കം രാജേഷ് ധരിച്ചിരുന്നു. എന്നാല്‍, സ്വന്തം ലൈഫ് ജാക്കറ്റ് ഊരി തുരുത്തില്‍നിന്ന് രക്ഷിച്ചുകൊണ്ടുവരികയായിരുന്ന വ്യക്തിക്ക് രാജേഷ് നല്‍കുകയായിരുന്നു. തുടര്‍ന്ന് കയറില്‍ പിടിച്ച് പുഴ കുറുകെ കടക്കുന്നതിനിടെ കയറില്‍നിന്ന് പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലിനൊടുവില്‍ ഓഗസ്റ്റ് നാലിനാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.