സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കം; കാര്‍ ഇടിച്ചുനീക്കി കെഎസ്ആര്‍ടിസി ബസ്; നട്ടാശ്ശേരി എംസി റോഡിലാണ് സംഭവം

 
natasseerry bus

 
കോട്ടയം: നട്ടാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തര്‍ക്കം. മുമ്പില്‍ തടസമായ കാര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഉപയോഗിച്ച് ഇടിച്ചുനീക്കി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ നട്ടാശ്ശേരി എംസി റോഡിലാണ് സംഭവം.

ഏറ്റുമാനൂരില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസിന് പിറകിലായി അതേ ദിശയില്‍ തന്നെയാണ് കാറും സഞ്ചരിച്ചിരുന്നത്. കാര്‍ ഡ്രൈവര്‍ സൈഡ് കിട്ടാനായി ഹോണ്‍ അടിച്ചെങ്കിലും കെഎസ്ആര്‍ടിസി ബസ് മാറിക്കൊടുത്തില്ല. തുടര്‍ന്ന് കാര്‍ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറി. ഉടനെ കെഎസ്ആര്‍ടിസി ബസ് സൈഡിനായി ഹോണ്‍ അടിച്ചുകൊണ്ടിരുന്നു. എന്നാല്‍ കാര്‍ ഡ്രൈവര്‍ സൈഡ് കൊടുത്തില്ല. പിന്നെ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് കാറിന് മുമ്പില്‍ കയറി.

നട്ടാശ്ശേരി എത്തിക്കഴിഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്ത് കാര്‍ ഡ്രൈവര്‍ മുമ്പില്‍ കയറ്റിനിര്‍ത്തി. തുടര്‍ന്ന് കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികള്‍ പുറത്തിറങ്ങി കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയും ഇരുകൂട്ടരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് മുന്‍പോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കാറില്‍ ഇടിച്ചതും കാര്‍ കുറച്ചുദൂരം മുന്‍പോട്ട് പോയതും. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടകരമായ രീതിയില്‍ ബസ് ഓടിച്ചു എന്ന് ആരോപിച്ച് കോട്ടയം സ്വദേശികള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. ട്രിപ്പ് മുടക്കി എന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും ഇതേ സ്റ്റേഷനില്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതികളില്‍ പൊലീസ് നിലവില്‍ കേസെടുത്തിട്ടില്ല.

പരാതി നല്‍കിയ ശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തന്നെ കാറിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. നിലവില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും കാറില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളെയും ഗാന്ധിനഗര്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയ ശേഷം കേസ് എടുക്കാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം.

Tags

Share this story

From Around the Web