മെട്രോ സീറ്റിന്റെ പേരില്‍ തര്‍ക്കം, 48കാരനെ പിടിച്ചുതള്ളി, ദാരുണാന്ത്യം; മുന്‍ ഐഎഎസ് ഓഫീസറും മകനും അറസ്റ്റില്‍
സീറ്റുതര്‍ക്കത്തിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ 48കാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ഡല്‍ഹി മെട്രോയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഐഎഎസ് ഓഫീസറും മകനും അറസ്റ്റിലായി.
ഒക്ടോബര്‍ 8ന് സുപ്രീംകോടതി മെട്രോ സ്റ്റേഷനില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള സീറ്റിന്റെ പേരില്‍ പവന്‍ ശര്‍മയെന്ന യാത്രക്കാരനും പ്രതികളായ സഞ്ജയ് പ്രതാപ് സിങ്ങും മകന്‍ സിദ്ധാര്‍ഥ് സിങ്ങും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ പവന്‍ ശര്‍മയെ പ്രതികള്‍ മര്‍ദിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി പൊലീസ് പറയുന്നു.
വീഴ്ചയില്‍ തല ഇടിച്ചാണ് പവന്‍ ശര്‍മയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ തന്നെ മെട്രോ ജീവനക്കാര്‍ ഇയാളെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശര്‍മയുടെ അമ്മ ദുര്‍ഗ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേ ദിവസമാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 105, 3(5) പ്രകാരമാണ് രണ്ട് പ്രതികള്‍ക്കെതിരേയും കേസെടുത്തത്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജയ് പ്രതാപ് സിങിനെ മുന്‍പ് കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് മകന്‍ സിദ്ധാര്‍ഥ് സിങ്. കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.