ചിത്രപ്രിയയുടെ കൊലപാതത്തിന് പിന്നിൽ മറ്റൊരു യുവാവുമായുള്ള അടുപ്പത്തിൻ്റെ പേരിലുള്ള തർക്കം; പ്രതി മയക്കുമരുന്നിന് അടിമയാണോയെന്നും സംശയം
എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതത്തിന് പിന്നിൽ പെൺകുട്ടിക്ക് മറ്റൊരു യുവാവുമായുള്ള അടുപ്പത്തിൻ്റെ പേരിലുള്ള തർക്കമെന്ന് റിപ്പോർട്ട്. ലഹരിയിൽ ആയിരുന്ന പ്രതി അലൻ തർക്കത്തിനിടെ കല്ലുകൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകി.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തി പറമ്പിൽ വീട്ടിൽ 19 വയസുള്ള ചിത്രപ്രിയ കൊല്ലപ്പെട്ട സംഭവത്തിലാണ് പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊറ്റാമം സ്വദേശി 21 വയസുള്ള അലൻ ആണ് പിടിയിലായത്. ബംഗളുരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിയായ ചിത്രപ്രിയയും അലനും സൗഹൃദത്തിലായിരുന്നു. ഫോണില്‍ മറ്റൊരു യുവാവിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടതിൻ്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മദ്യലഹരിയിൽ പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചതായി അലൻ പോലീസിനോട് കുറ്റസമ്മതം നടത്തി. മയക്കുമരുന്നിന് അടിമയാണോ പ്രതിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ബംഗളുരുവിൽ നിന്നും ഒരാഴ്ച മുമ്പ് വീട്ടിൽ എത്തിയ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നത് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ശനിയാഴ്ച രാത്രി തന്നെ വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് പ്രതിക്കൊപ്പം പെൺകുട്ടി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. മറ്റ് രണ്ടു പേരെ കൂടി ഈ സിസിടിവി ദൃശ്യത്തിൽ കണ്ടെങ്കിലും അവർക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് നിഗമനം.
ശനിയാഴ്ച ചിത്രപ്രിയയുടെ ഫോണിലേക്ക് നിരവധി തവണ അലൻ വിളിച്ചതായും കണ്ടെത്തി. ഞായറാഴ്ച തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപം ഇരുവരും ബൈക്കിൽ വന്നതായി പ്രതി സമ്മതിച്ചു.
മണപ്പാട്ട് ചിറ പ്രദേശത്ത് ഉൾപ്പെടെ ഞായറാഴ്ച വൈകിട്ട് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ചിത്രപ്രിയയെ കണ്ടെത്തിയല്ല.
അന്വേഷണം തുടരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു മടങ്ങിയ നാട്ടുകാരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ ഇവിടെ തിരച്ചിൽ നടത്തിയത്.
തലക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് രണ്ടു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.
മൃതദേഹത്തിന് സമീപത്തു നിന്നും രക്തക്കറയുള്ള വെട്ടുകല്ല് പോലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി ഈ കല്ലും പോലീസ് കൈമാറിയിട്ടുണ്ട്.