സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ച് ബൈക്കിലെത്തിയ ആറംഗസംഘം, തലയ്ക്ക് പരിക്ക്
ആലപ്പുഴ: കൃഷ്ണപുരത്ത് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രക്കാരുടെ ക്രൂരമര്‍ദനം. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ ഡ്രൈവര്‍ പ്രവീണിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് പളനിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ്സിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
രണ്ട് ബൈക്കുകളിലായെത്തിയ ആറോളം യുവാക്കള്‍ ബസ്സിനുമുന്നില്‍ സൈഡ് നല്‍കാതെയും അപകടകരമായി അഭ്യാസംകാണിച്ചും യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും വാഹനം നിര്‍ത്തിയപ്പോള്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ ഡ്രൈവറെ അസഭ്യംപറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
രാത്രി സമയമായതിനാലും അക്രമികളെ ഭയന്നും യാത്രക്കാരോ നാട്ടുകാരോ വിഷയത്തില്‍ ഇടപെട്ടില്ല. തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന സഹഡ്രൈവര്‍മാര്‍ ചേര്‍ന്ന് പരിക്കേറ്റ പ്രവീണിനെ അതേ ബസ്സില്‍ത്തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ കായംകുളം പോലീസ് ആശുപത്രിയിലെത്തി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു