ബെംഗളൂരുവില്‍ യാത്രാക്കൂലിയെച്ചൊല്ലി തര്‍ക്കം; ഓട്ടോ ഡ്രൈവറും പെണ്‍കുട്ടികളും തമ്മില്‍ നടുറോഡില്‍ സംഘര്‍ഷം
ബെംഗളൂരു: എച്ച്എസ്ആര്‍ ലേഔട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറും പെണ്‍കുട്ടികളും തമ്മില്‍ നടുറോഡിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തിങ്കളാഴ്ച (സെപ്റ്റംബര്‍ 28) ഉച്ചകഴിഞ്ഞാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. യാത്രാക്കൂലിയെച്ചുണ്ടായ തര്‍ക്കമാണ് പരസ്യമായ കയ്യാങ്കളിയില്‍ കലാശിച്ചത്.
ഓട്ടോ ഡ്രൈവറും രണ്ട് പെണ്‍കുട്ടികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഡ്രൈവര്‍ പെണ്‍കുട്ടികളെ മര്‍ദിക്കുന്നതും പെണ്‍കുട്ടികള്‍ തിരിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവസ്ഥലത്ത് കൂടിയ ജനങ്ങളില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും തര്‍ക്കം നീണ്ടുപോയി. ഒടുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെത്തിയാണ് രംഗം ശാന്തമാക്കിയത്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ എച്ച്എസ്ആര്‍ ലേഔട്ട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഓട്ടോ ഡ്രൈവറെ പോലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളാണ് ഓട്ടോ വിളിച്ചതെന്നും എന്നാല്‍ യാത്രാക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നുമാണ് ഡ്രൈവര്‍ പോലീസിന് നല്‍കിയ വിശദീകരണം. പെണ്‍കുട്ടികള്‍ മദ്യപിച്ചിരുന്നുവെന്നും പണം നല്‍കാതെ അസഭ്യം പറഞ്ഞതായും സ്വയം പ്രതിരോധത്തിനാണ് തിരിച്ചടിച്ചതെന്നും ഡ്രൈവര്‍ ആരോപിക്കുന്നു.
പെണ്‍കുട്ടികളെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് ദിവസത്തെ സാവകാശം വേണമെന്നാണ് പെണ്‍കുട്ടികള്‍ അറിയിച്ചിട്ടുള്ളത്. പരാതി ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.