കുട്ടിയേച്ചൊല്ലി തര്‍ക്കം, പണമിടപാട്; യുവതിയെ കഴുത്തറത്തുകൊന്ന് കനാലില്‍ തള്ളി; ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍
വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസില്‍ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷാഫിയും യുവതിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 17-നാണ് കേസിനാസ്പദമായ സംഭവം. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി, പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പണമിടപാടിന് പുറമെ കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവര്‍ക്കുമിടയില്‍ ഭിന്നതകളുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങള്‍ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലില്‍ തള്ളുകയായിരുന്നു. തലയില്ലാത്ത മൃതദേഹം കണ്ട് പ്രദേശവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വിവിധയിടങ്ങളില്‍നിന്നായി മറ്റു ശരീരഭാഗങ്ങള്‍കൂടി ലഭിച്ചു. കൈയുടെ ഭാഗങ്ങള്‍ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പ്രചരിപ്പിച്ച ചിത്രങ്ങളില്‍നിന്നാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. കല്യാണിയുടെ കൈയില്‍ തൂവല്‍ പച്ചകുത്തിയിരുന്നു. ഇത് കണ്ടാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചതും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതും.
ഭാര്യയേയും കുട്ടികളേയും ഗുണ്ടൂരിലുള്ള വീട്ടിലേക്ക് അയച്ച ശേഷമായിരുന്നു ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കിയതെന്ന് പോലീസ് പറയുന്നു.
കല്യാണിയുടെ കുട്ടിയെ ഷാഫിയെ ഏല്‍പ്പിച്ചിരുന്നു. ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്ന് എ.സി.പി. ദുര്‍ഗ റാലു പറഞ്ഞു. നിലവില്‍ കല്യാണിയുടെ കുട്ടി ഷാഫിയുടെ ഭാര്യയുടെ കൂടെയാണ്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, പ്രതികളായ ഷാഫിയെയും ഗുരുവുലുവിനെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണവും മൃതദേഹാവശിഷ്ടങ്ങള്‍ കടത്താന്‍ ഉപയോഗിച്ച രീതികളും പൊലീസ് അന്വേഷിച്ചുവരികയാണ്. കൊലയ്ക്കുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. സിസിടിവികളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.