വെമ്പായത്ത് തര്‍ക്കം. ബാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ ഒരാള്‍ മരിച്ചു

 
BAR


തിരുവനന്തപുരം വെമ്പായത്തെ ബാറിലെ സംഘര്‍ഷത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. പൊള്ളലേറ്റ നവാസ് (34) ആണ് മരിച്ചത്. 

80 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പരിക്കേറ്റ ശ്യാം, റിയാസ്, അരുണ്‍, നൗഫല്‍, അനീഷ് എന്നിവര്‍ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 


വെമ്പായം ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘര്‍ഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയില്‍ ഇരുന്ന് മദ്യപിച്ചവര്‍ തമ്മിലായിരുന്നു പ്രശ്‌നം.

തര്‍ക്കത്തിനിടെ ബാറില്‍നിന്ന് പുറത്തുപോയ അനീഷ് പെട്രോള്‍ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവര്‍ക്കുനേരേ ഒഴിച്ചശേഷം തീ കൊളുത്തുകയുമായിരുന്നു.

അതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടര്‍ന്നു. പെട്ടെന്ന് തീ പടര്‍ന്നതോടെ ബാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. 

മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്നിബാധ ഫയര്‍ഫോഴ്‌സ് എത്തിയാണ് കെടുത്തിയത്. ബാറിലെ എസി ഹാളില്‍ 30 ഓളം പേര്‍ ഉണ്ടായിരുന്നു. എട്ടോളം പേര്‍ മദ്യപിച്ചിരുന്ന സംഘത്തിലേക്ക് അനീഷ് എത്തുകയായിരുന്നു.

അവരുടെ കൂടെയിരുന്നു മദ്യപിക്കുകയും കുറച്ചുകഴിഞ്ഞ് അനീഷ് ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇത് ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചു. 

തുടര്‍ന്ന് അനീഷ് പുറത്തേക്ക് പോയി. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയ അനീഷിന്റെ കയ്യില്‍ കന്നാസില്‍ പെട്രോളുണ്ടായിരുന്നു. 
അനീഷും സംഘവും തമ്മിലുണ്ടായ പിടിവലിയില്‍ പെട്രോള്‍ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Tags

Share this story

From Around the Web