മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം
മൂവാറ്റുപുഴ:മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം.മുന്നണിയോഗത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ ഒരുങ്ങുകയാണ് കേരളാ കോണ്‍ഗ്രസ്.
ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യം എന്നാണ് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറയുന്നത്.
എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയാണ് ചര്‍ച്ചയിലുള്ളത്. മൂവാറ്റുപുഴയെ ജില്ലയാക്കണമെന്നുള്ളത് നേരത്തെ തന്നെ ചര്‍ച്ചകളില്‍ ഉള്ളതാണ്. എന്നാല്‍ ഇത് നടത്തിയെടുക്കുക എന്നതിലാണ് കാര്യം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത ഒരു ജില്ല കേരളത്തില്‍ ഉണ്ടെങ്കില്‍ അത് മൂവാറ്റുപുഴ ജില്ലയാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂവാറ്റുപുഴയ്ക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
1982 കാലത്താണ് മൂവാറ്റുപുഴ ജില്ല എന്ന ആശയത്തിന് കെ കരുണാകരന്‍ തിരികൊളുത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു യുഡിഎഫ് സര്‍ക്കാര്‍ മൂവാറ്റുപുഴയ്ക്കായി പച്ചക്കൊടി വീശുമ്പോള്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ മുറുമുറുപ്പ് ഉയരുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ തട്ടകമായ തൊടുപുഴ അടര്‍ത്തി മാറ്റാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രതിരോധം. ഭാഷാപരമായ പ്രത്യേകതകള്‍ ഉള്ള ഇടുക്കിയില്‍ നിന്ന് തൊടുപുഴ താലൂക്ക് മൂവാറ്റുപുഴയോട് ചേര്‍ത്താല്‍ ദേവികുളം പീരുമേട് താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷം ഇടുക്കിയുടെ ആധിപത്യം പിടിച്ചെടുക്കും എന്നാണ് വാദം. മുല്ലപ്പെരിയാറും മൂന്നാറും ഉള്‍പ്പെടുന്ന പ്രദേശം കേരളത്തില്‍ നഷ്ടമാകാന്‍ ഇത് വഴിവെക്കുമെന്നും, ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ ഇടുക്കി ജില്ലയിലെ തന്നെ ശക്തിമത്തായ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഷ്ടപ്പെട്ടാല്‍ ഇടുക്കിയിലെ പ്രതാപത്തിനും വിള്ളല്‍ വീഴുമെന്ന് ഭയമുണ്ട്. പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതിനു മുന്നേ മുന്നണി ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. കോട്ടയത്ത് നടക്കുന്ന സ്റ്റീയറിംഗ് കമ്മിറ്റിക്ക് ശേഷം യുഡിഎഫില്‍ ഈ ആവശ്യം ഉന്നയിക്കും.
അതേസമയം, എന്‍ഡിഎയിലും ജില്ലാ രൂപീകരണത്തിനെതിരെ ശബ്ദം ഉയരുന്നുണ്ട്. 40 വര്‍ഷങ്ങള്‍ക്കിപ്പുറം, സംസ്ഥാനത്ത് പുതിയ ജില്ലാ രൂപീകരണത്തിന് സാഹചര്യങ്ങള്‍ ഒരുങ്ങുമ്പോള്‍, സര്‍ക്കാരിന് മുന്നണിയില്‍ നിന്ന് തന്നെ പിന്തുണയും, പ്രതിസന്ധിയും ഉടലെടുക്കുന്നു എന്നതാണ് സത്യം.