അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിന്‍ ജെ തച്ചങ്കരി ഹൈക്കോടതിയിലേക്ക്, വിധി റദ്ദാക്കണമെന്ന് ആവശ്യം

 
tomin


തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോട്ടയം വിജിലന്‍സ് കോടതി വിധിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ. തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു.

 വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കേസില്‍ കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

 താന്‍ കുറ്റക്കാരനല്ലെന്നും വിജിലന്‍സ് കോടതി പരിഗണിച്ച കേസിലെ വാദങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും ഉന്നയിക്കുന്നതെന്നും തച്ചങ്കരി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

തന്റെ പേരിലുള്ള സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതല്ലെന്നും കുടുംബസ്വത്താണെന്നുമാണ് തച്ചങ്കരിയുടെ വാദം. വിജിലന്‍സ് കോടതി വിധിയില്‍ നിയമപരമായ പിഴവുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


ഹൈക്കോടതിയുടെ അവധി കണക്കിലെടുത്താണ് അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കുന്നത്. അന്നുതന്നെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി നിലപാട് വ്യക്തമാക്കും.

കേസില്‍ അദ്ദേഹത്തിന് നാല് വര്‍ഷം കഠിനതടവും 30,80,000 രൂപ പിഴയുമാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. 

2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്. 


അന്വേഷണത്തില്‍ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാള്‍ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള വിചാരണ നീണ്ടുപോയതിനെ തുടര്‍ന്ന് കേസ് അതിവേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് അതിവേഗം കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ചത്.

Tags

Share this story

From Around the Web