സ്ത്രീകള്‍ നേരിടുന്ന വിവേചനപരമായ തടസ്സങ്ങള്‍ ഒഴിവാക്കപ്പെടണം
വത്തിക്കാന്‍സിറ്റി: സ്ത്രീകളുടെ പദവി സംബന്ധിച്ച 70-ാമത് കമ്മീഷന്റെ ഭാഗമായി പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യം സ്ത്രീകള്‍ക്ക് നീതിയിലേക്കുള്ള അനിവാര്യമായ പ്രവേശനം ഉറപ്പാക്കുകയും, വിവേചനപരമായ തടസ്സങ്ങള്‍ മാറ്റുകയും ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും 'ഔപചാരിക നിയമ സംരക്ഷണം' മാത്രമല്ല, നീതി തേടുന്നതില്‍ നിന്നും ആത്യന്തികമായി അവരുടെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ നിന്നും അവരെ തടയുന്ന അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യുന്ന കൂടുതല്‍ ആഴത്തിലുള്ള ഇടപെടലാണ് ആവശ്യമെന്ന് വത്തിക്കാന്‍ പ്രതിനിധി സംഘം പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.
ന്യായമായ വിചാരണ ലഭിക്കാത്തതിന്റെ കാരണങ്ങളില്‍, നിയമസഹായം ലഭിക്കുന്നതിന് വിഭവങ്ങളുടെ അപര്യാപ്തതയും, നിയമസഹായ സംഘടനകള്‍ക്ക് ധനസഹായക്കുറവിനും, അമിതഭാരത്തിനും കാരണമാകുന്ന ദാരിദ്ര്യവും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
രാജ്യത്തെ ഭൂരിപക്ഷ ഭാഷ സംസാരിക്കാന്‍ സാധിക്കാത്തതും, ഒരാളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഇത്തരത്തില്‍ നീതി ലഭിക്കുവാന്‍ സാധിക്കാത്തതിന് കാരണമായി പ്രസ്താവനയില്‍ എടുത്തുകാണിക്കുന്നു.
നീതി തുല്യമായി ലഭിക്കണമെങ്കില്‍ പെണ്‍മക്കള്‍ക്ക് ആണ്‍മക്കളെപ്പോലെ തന്നെ അവസരങ്ങള്‍ ലഭിക്കണമെന്നും, കുടുംബങ്ങള്‍ എല്ലാവര്‍ക്കും ആരോഗ്യകരവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പുനല്കണം എന്നും, ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവനയില്‍ അടിവരയിട്ടു.
അതിനാല്‍, സ്ത്രീകള്‍ നേരിടുന്ന തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഇല്ലാതാക്കേണ്ടതിന്റെയും, ദുരുപയോഗം തടയുന്നതിനും ലംഘനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'ഉത്തരവാദിത്ത സംസ്‌കാരം' നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകതയും പ്രസ്താവന ചൂണ്ടിക്കാട്ടി.
അല്ലാത്തപക്ഷം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള അപകട സാധ്യതകളിലേക്ക് അവര്‍ നയിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പും പ്രസ്താവനയില്‍ അടിവരയിട്ടു.
ലൈംഗിക ചൂഷണത്തിലൂടെയും നിര്‍ബന്ധിത വിവാഹങ്ങള്‍, വാടക മാതൃത്വം, കുറ്റകൃത്യങ്ങള്‍ എന്നിവയിലൂടെയും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും പ്രസ്താവന എടുത്തു പറഞ്ഞു.
തടങ്കലില്‍ പാര്‍പ്പിക്കുന്ന കുറ്റാരോപിതരും, കുറ്റവാളികളുമായ സ്ത്രീകള്‍ക്കും, ന്യായമായ വിചാരണ, മതിയായ നിയമ പ്രാതിനിധ്യം, സുരക്ഷിതവും, ശുചിത്വമുള്ളതുമായ അത്യാവശ്യ സൗകര്യങ്ങള്‍ നല്‍കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.