വഖഫ്നിയമത്തിലെ വിവേചനം ഭേദഗതിയിലൂടെ നീങ്ങിയിരിക്കുന്നു - ഫാ. ജോഷി മയ്യാറ്റിൽ

(സുപ്രീം കോടതി വിധിന്യായം, പാരഗ്രാഫ് 201)
വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ (സെപ്റ്റംബർ 15) ഇടക്കാല വിധി പ്രഖ്യാപിച്ചു. 128 പേജുള്ള വിധിന്യായം സശ്രദ്ധം വായിക്കുന്ന ആർക്കും ഒരു കാര്യം പട്ടാപ്പകൽ പോലെ വ്യക്തമാകും - തല്പരകക്ഷികളും രാഷ്ട്രീയക്കാരും മുഖ്യധാരാമാധ്യമങ്ങളും വസ്തുതകളെ മറച്ചുപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്!
എന്തായിരുന്നു ഹർജിക്കാരുടെ ആവശ്യം?
നൂറോളം വരുന്ന ഹർജിക്കാരിൽ നിന്ന് അഞ്ചു കൂട്ടരുടെ വാദമാണ് സുപ്രീം കോടതി താല്ക്കാലിക വിധിക്കു മുമ്പ് കേൾക്കാനായി തിരഞ്ഞെടുത്തത്. ശ്രീ. കപിൽ സിബിൽ, ഡോ. രാജീവ് ധവാൻ, ഡോ. എ.എം. സിങ്വി, ശ്രീ. സി.യു. സിങ്, ശ്രീ. ഹുസെഫാ അഹ്മാദി എന്നീ അതിപ്രശസ്തരായ അഡ്വക്കേറ്റുമാരായിരുന്നു ഹർജിക്കാർക്കു വേണ്ടി വാദിച്ചത്; കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ ശ്രീ. തുഷാർ മേത്തയും.
ഭരണഘടനയുടെ 14, 15, 19, 21, 25, 26, 29, 30, 300A എന്നീ ആർട്ടിക്കിളുകൾക്ക് വിരുദ്ധമാണ് വഖഫ് നിയമ ഭേദഗതി എന്നും അതു പൂർണമായും അസാധുവായി പ്രഖ്യാപിക്കണം എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇത് വിധിന്യായത്തിൻ്റെ ആമുഖത്തിലെ ഒന്നും രണ്ടും നമ്പരുകളിൽത്തന്നെ കാണാം. ഇതേ കാര്യമായിരുന്നു കോൺഗ്രസ്സും മുസ്ലീം ലീഗും ഇടതുകക്ഷികളുമെല്ലാം പരസ്യമായി ഇതുവരെ ആവശ്യപ്പെട്ടിരുന്നത് എന്നും ഓർക്കണം. ഈ ഇടക്കാല വിധി വന്നതിനു ശേഷവും കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത് ഭേദഗതിനിയമം പൂർണമായും പിൻവലിക്കണം എന്നാണ്!
സെക്ഷൻ 40 എടുത്തുകളഞ്ഞാൽ വഖഫ് തന്നെ അപ്രസക്തമാകുമെന്നാണ് നമ്മുടെ ഇടതുവലതു രാഷ്ട്രീയക്കാരും നിയമസഭാ സാമാജികരും പറഞ്ഞിരുന്നത് എന്നോർക്കുക. എന്നാൽ സെക്ഷൻ 40 ഇല്ലാതാക്കിയതിനെക്കുറിച്ചോ സെക്ഷൻ 2A ഏർപ്പെടുത്തിയതിനെക്കുറിച്ചോ കപിൽ സിബിലിനെപ്പോലുള്ള പരിണതപ്രജ്ഞരായ നിയമപണ്ഡിതർക്ക് ഒരു ആക്ഷേപം പോലും ഉന്നയിക്കാൻ കഴിഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
കോടതിയുടെ വിശകലനങ്ങൾ
വഖഫ് ആക്ട് 2025 "മുഴുവനായി സ്റ്റേ ചെയ്യാൻ പരാതിക്കാർ പ്രഥമദൃഷ്ട്യാ ശക്തമായ വാദങ്ങൾ ഉന്നയിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്" എന്ന ആമുഖത്തോടെയും 1923 മുതലുള്ള വഖഫ് ആക്ടുകളുടെ ചരിത്രം കൂലംകഷമായി അവതരിപ്പിച്ചു കൊണ്ടുമാണ് വിധിന്യായത്തിലെ 120-ാം നമ്പരിൽ വാദങ്ങളുടെ വിശകലനം കോടതി ആരംഭിക്കുന്നത്.
എതിർക്കപ്പെടുന്ന നിയമത്തിലെ മിക്കവാറും എല്ലാ വകുപ്പുകളുടെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യാൻ ഹർജിക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, മുന്നോട്ടുവച്ച വാദങ്ങളുടെ അടിസ്ഥാനത്തിൽ,
2025ലെ ഭേദഗതിക്കെതിരേ മൊത്തത്തിൽ നിലനില്ക്കുന്ന ഒരു കേസും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്നും ഹർജിക്കാരുടെ പരാതി ഭേദഗതി നിയമത്തിലെ ഏതാനും ചില വ്യവസ്ഥകളെ (3 (r), 3C, 3D, 3E, 9, 14, 23, 36, 104, 107, 108, 108A) കേന്ദ്രീകരിച്ചാണെന്നും വിധിന്യായം ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് ബോർഡിൽ മറ്റു മതസ്ഥരുടെ സാന്നിധ്യം, വഖഫായി നോട്ടിഫൈ ചെയ്യപ്പെട്ടിട്ടുള്ള വസ്തുവകകൾ സർക്കാരിൻ്റേതാണെന്ന കളക്ടറുടെ റിപ്പോർട്ടിന്മേൽ ഡീനോട്ടിഫിക്കേഷൻ, അഞ്ചു വർഷം മുസ്ലീമായി ജീവിച്ചിട്ടുള്ളയാൾക്കേ വഖഫ് ചെയ്യാനാകൂ എന്ന വ്യവസ്ഥ എന്നീ മൂന്നു വിഷയങ്ങളേ ഇടക്കാല വിധി പറയാനായി പരിഗണനയ്ക്കെടുക്കൂ എന്നായിരുന്നു ആദ്യം കേട്ടിരുന്നതെങ്കിലും മേൽപരാമർശിച്ച എല്ലാ പരാതികളെയും സംബന്ധിച്ച് സുപ്രീം കോടതി താല്ക്കാലിക വിധിപ്രസ്താവം നടത്തിയിരിക്കുന്നു.
യഥാർത്ഥ സ്റ്റേയുള്ളത് ഒരു സെക്ഷനിൽ മാത്രം!
പതിമൂന്നോളം ഗുരുതരവിഷയങ്ങളാണ് ഹർജിക്കാർ കോടതിയുടെ മുന്നിൽ അവതരിപ്പിച്ചത്. അവയിൽ കോടതി പൂർണമായും മരവിപ്പിച്ചത് ഒരേയൊരു സെക്ഷൻ മാത്രമാണ് - അതും, വഖഫാക്കി പ്രഖ്യാപിക്കപ്പെട്ട സർക്കാർ സ്വത്ത് അന്വേഷിക്കുന്നതിൻ്റെ പ്രക്രിയയുമായി ബന്ധപ്പെട്ട്. ഇനി ആ വിഷയങ്ങളും വിധികളും നമുക്ക് ഒന്നു പരിശോധിക്കാം:
1. സെക്ഷൻ 3 (r)ലെ രണ്ടു വിഷയങ്ങൾ
മുസ്ലീമായി അഞ്ചു വർഷം പൂർത്തിയാക്കുകയും സ്വന്തമായി വസ്തുവുണ്ടായിരിക്കുകയും ചെയ്യുന്ന ആൾക്കു മാത്രമേ അതു വഖഫു ചെയ്യാനാകൂ എന്നു നിഷ്കർഷിക്കുന്ന സെക്ഷനാണ് ആദ്യമായി കോടതി പരിശോധിച്ചത്. ഇതിലെ വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ ഏകപക്ഷീയമോ വിവേചനാപരമോ അല്ലാ എന്നാണ് കോടതിയുടെ നിരീക്ഷണം (നമ്പർ 135). താല്ക്കാലികമായി മുസ്ലീം ആയിത്തീരാൻ തീരുമാനിച്ച് വസ്തു വഖഫു ചെയ്ത് ആരെയെങ്കിലും തോല്പിക്കാനോ നിയമത്തെ മറികടക്കാനോ ശ്രമിക്കുന്നവരെ ('clever device') ഈ സെക്ഷൻ തടയും എന്ന് കോടതി നിരീക്ഷിക്കുന്നു. എന്നാൽ, വഖഫു ചെയ്യുന്ന വ്യക്തി മുസ്ലീമായിട്ട് അഞ്ചു വർഷമായോ ഇല്ലയോ എന്നു തീരുമാനിക്കാനുള്ള സംവിധാനമോ പ്രക്രിയയോ എന്ത് എന്നുള്ളതു വ്യക്തമല്ല. അതിനാൽ ചട്ടങ്ങൾ നിർമിക്കുമ്പോൾ കേന്ദ്രഗവൺമെൻ്റ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. അതു വരെ അഞ്ചു വർഷം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേ ഉണ്ടാകും. സ്വന്തം വസ്തു മാത്രമേ വഖഫു ചെയ്യാനാകൂ എന്നു നിഷ്കർഷിക്കുന്ന കാര്യത്തിൽ കോടതി ഒരു പ്രശ്നവും കാണുന്നില്ല.
2. 'ഉപയോഗത്താലുള്ള വഖഫ്' എടുത്തു കളയുന്ന സെക്ഷൻ 3 (r)ലെ ക്ലോസ് (i)
'വഖഫ് ബൈ യൂസർ' ആയി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒന്നിനെയും ഈ സെക്ഷൻ ബാധിക്കാത്തതിനാലും വൻതോതിൽ സർക്കാർ ഭൂമി 'വഖഫ് ബൈ യൂസർ' എന്ന പേരിൽ അന്യാധീനപ്പെട്ടു പോകുന്നതിനാലും ആ വ്യവസ്ഥ ഏകപക്ഷീയമാണെന്നു പറയാനാവില്ല എന്നു കോടതി നിരീക്ഷിക്കുന്നു (നമ്പർ 143-152).
3. സ്റ്റേ ലഭിച്ച സെക്ഷൻ 3C
വഖഫ് ആയി "തിരിച്ചറിയപ്പെടുകയോ പ്രഖ്യാപിക്കപ്പെടുകയോ ചെയ്തിട്ടുള്ള" സർക്കാർ സ്വത്ത് കളക്ടർക്കും മുകളിലായി റാങ്കുള്ള ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ടു നല്കുന്നതിൽ ഏകപക്ഷീയത ഇല്ല എന്നു വ്യക്തമാക്കുന്ന കോടതി, പക്ഷേ, ആ അന്വേഷണം ആരംഭിക്കുമ്പോൾ തന്നെ വസ്തു വഖഫല്ലെന്നു കരുതപ്പെടും എന്ന 3C (2)ലെ പ്രൊവീസോയുടെ നിയമവിരുദ്ധത ചൂണ്ടിക്കാണിക്കുന്നു. വസ്തു സർക്കാർ ഭൂമിയാണ് എന്നു തീരുമാനിക്കുന്നതോടൊപ്പം
റവന്യൂ രേഖകളിൽ തിരുത്തലുകൾ വരുത്താൻ മേല്പറഞ്ഞ ഉദ്യോഗസ്ഥനെ അനുവദിക്കുന്ന 3C (3)ലെ വ്യവസ്ഥയും അദ്ദേഹത്തിൻ്റെ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ വഖഫ് ബോർഡിനെക്കൊണ്ട് വഖഫ് രേഖകളിൽ തിരുത്തൽ വരുത്താൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന 3C (4)ലെ വ്യവസ്ഥയും പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിക്കുന്നു. മേല്പറഞ്ഞ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ട് സർക്കാർ വഖഫ് ട്രൈബ്യൂണലിലും, ആവശ്യമെങ്കിൽ ഉപരിക്കോടതിയിലും അവതരിപ്പിച്ച് വിധി സമ്പാദിക്കണം. പ്രയോഗത്തിൽ ഇത് ജുഡീഷ്യറിയുടെ അധികാരാവകാശങ്ങളിന്മേലുള്ള എക്സിക്യൂട്ടിവിൻ്റെ കടന്നുകയറ്റം ചെറുക്കുന്ന ഈ വിധിയിലാണ് 'സ്റ്റേ ചെയ്യാവുന്നത്' എന്ന പ്രയോഗം (നമ്പർ 167) കോടതി നടത്തിയിരിക്കുന്നത്. ഇതോടൊപ്പം, മേൽപറഞ്ഞ തരം സ്വത്തിൽ ബാധ്യതകളൊന്നും സൃഷ്ടിക്കാതിരിക്കാൻ മുത്തവല്ലി ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശം നല്കുന്നു.
4. സംരക്ഷിത സ്മാരകങ്ങളെ സംബന്ധിച്ച സെക്ഷൻ 3D
1904ലെയോ 1958ലെയോ പുരാതനസ്മാരക-പുരാവസ്തുഗവേഷണ നിയമങ്ങൾ മൂലം സംരക്ഷിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളോ ഇടങ്ങളോ വഖഫായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് അസാധുവായി പ്രഖ്യാപിക്കുന്ന ഈ ഭേദഗതി സ്റ്റേ ചെയ്യാൻ പരാതിക്കാർ പറഞ്ഞ, അവിടങ്ങളിൽ ഇസ്ലാമിക പ്രാർത്ഥന നടത്താൻ കഴിയില്ല എന്ന വിചിത്ര വാദം, നിയമാനുസൃതം പ്രാർത്ഥന നടത്തുന്നതിന് തടസ്സമില്ല എന്നു നിരീക്ഷിച്ച് കോടതി നിരാകരിച്ചു.
5. പട്ടികജാതി-പട്ടികവർഗ മേഖല വഖഫായി പ്രഖ്യാപിക്കുന്നതു നിരോധിക്കുന്ന സെക്ഷൻ 3E
ദുർബലവിഭാഗങ്ങളുടെ സംരക്ഷണം ഭരണഘടനാ ഉത്തരവാദിത്വമായിരിക്കേ, ഈ വ്യവസ്ഥ ഏകപക്ഷീയമല്ല എന്ന് കോടതി വിധിച്ചു.
6. വഖഫ് കൗൺസിലിലേക്കും (സെക്ഷൻ 9) വഖഫ് ബോർഡിലേക്കും (സെക്ഷൻ 14) അമുസ്ലീങ്ങൾ നിയമിതരാകുന്നതു സംബന്ധിച്ച്
സ്റ്റേ ലഭിക്കുമെന്ന് ഒട്ടുമിക്കവരും കരുതിയ ഒന്നായിരുന്നു ഇത്. സെൻട്രൽ വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്ലീങ്ങളെ അംഗങ്ങളാക്കുന്നത് വഖഫിൻ്റെ മതകാര്യങ്ങളിലുള്ള അന്യരുടെ ഇടപെടലിന് ഇടയാക്കും എന്ന വാദത്തിൻ്റെ വിശകലനത്തിലേക്ക് കോടതി കടന്നില്ല. മറിച്ച്, വാദത്തിനിടയിൽ സോളിസിറ്റർ ജനറൽ നല്കിയ ഉറപ്പിൻ്റെ വെളിച്ചത്തിൽ, വഖഫ് കൗൺസിലിൽ നാലിൽ കൂടുതലോ വഖഫ് ബോർഡിൽ മൂന്നിൽ കൂടുതലോ അന്യമതസ്ഥർ ഉണ്ടാകാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.
7. വഖഫ് ബോർഡിൻ്റെ CEO ആയി അമുസ്ലീം നാമനിർദേശം ചെയ്യപ്പെടാൻ ഇടനല്കുന്ന സെക്ഷൻ 23
ബോർഡിലെ അംഗങ്ങൾ ഭൂരിപക്ഷവും മുസ്ലീങ്ങളായിരിക്കും എന്നതിനാൽ പരാതിക്കാരുടെ ആശങ്കയിൽ കഴമ്പുണ്ടെന്ന് കോടതി കരുതുന്നില്ലെങ്കിലും ചെയർപേഴ്സൺ മുസ്ലീം സമുദായത്തിൽ നിന്നുള്ളവനാണെന്ന് ഉറപ്പാക്കാൻ വഖഫ് ബോർഡുകൾ ശ്രമിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
8. എല്ലാ വഖഫും രജിസ്റ്റർ ചെയ്യണം എന്ന സെക്ഷൻ 36
ഭേദഗതി നിയമം 2025 പാസ്സായി ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത വഖഫ് വസ്തുവകകളെ സംബന്ധിച്ച ഒരു നിയമനീക്കങ്ങളും സാധ്യമല്ല എന്ന 36-ാം സെക്ഷനിൽ പത്താം സബ്സെക്ഷനായി ചേർത്തിട്ടുള്ള നിബന്ധന
നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം 1923ലെ നിയമത്തിൽ പോലും സൂചനയായുണ്ടെന്നും 1995 മുതൽ 2013 വരെയും മേൽസൂചിപ്പിച്ച നിയമം നിലവിലുണ്ടായിരുന്നതാണെന്നും 2013ലെ ഭേദഗതിയിലാണ് അത് എടുത്തുകളഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി.
9. മുസ്ലീമല്ലാത്തവർക്കും വഖഫ് ചെയ്യാം എന്ന 2013ലെ ഭേദഗതി എടുത്തു കളഞ്ഞ സെക്ഷൻ 104
വഖഫ് തികച്ചും ഒരു ഇസ്ലാമിക കാര്യമാണെന്നു വാദിക്കുന്ന ഹർജിക്കാർ തന്നെ മുസ്ലീം അല്ലാത്തവർക്ക് വഖഫ് ചെയ്യാൻ അവസരമുണ്ടാകണം എന്നു വാദിക്കുന്നതിലുള്ള വൈരുദ്ധ്യം കോടതി ചൂണ്ടിക്കാട്ടുന്നു (നമ്പർ 197). ഏതെങ്കിലും അമുസ്ലീം അത്തരത്തിൽ സംഭാവന ചെയ്യുന്നത് സമാന ലക്ഷ്യങ്ങൾക്കുള്ള ട്രസ്റ്റായി മാറ്റിയാൽ പോരേ എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു.
10. 1963ലെ ലിമിറ്റേഷൻ ആക്ട് വഖഫിനും ബാധകമാക്കുന്ന സെക്ഷൻ 107
അതിശക്തമായ ഭാഷയിൽ കോടതി ഇവിടെ ഹർജിക്കാരുടെ വാദത്തെ വിമർശിക്കുന്നു. ഇന്ത്യയിൽ ഏത് ഉടമസ്ഥാവകാശത്തിനും ബാധകമായ ഈ നിയമം വഖഫിന് എന്തുകൊണ്ട് ബാധകമല്ല എന്ന് കോടതി ചോദിക്കുന്നു. ഭേദഗതിക്കു മുമ്പ് ഉണ്ടായിരുന്നത് വിവേചനാപരമായ ഒരു നിയമമായിരുന്നു എന്ന് സംശയത്തിനിടയില്ലാത്ത വിധം വിധിന്യായത്തിൽ കോടതി എഴുതിവച്ചിരിക്കുന്നു (നമ്പർ 201).
11. വഖഫ് ഭൂമിയിൽ നിന്നുള്ള കുടിയൊഴിപ്പിക്കലിനെ സംബന്ധിച്ച സെക്ഷൻ 108 എടുത്തുകളഞ്ഞതു സംബന്ധിച്ച്
ഉപേക്ഷിച്ചു പോയ വസ്തുക്കളുടെ ഭരണനിർവഹണത്തെ സംബന്ധിച്ച 1950ലെ നിയമം നിലവിലുള്ളപ്പോൾ എഴുതിച്ചേർത്ത ഈ സെക്ഷൻ ആ നിയമം പിൻവലിച്ചതിൻ്റെ ഭാഗമായി പിൻവലിക്കുന്നതിൽ ഒരു തെറ്റും കോടതി കാണുന്നില്ല.
12. സെക്ഷൻ 108A എടുത്തുകളഞ്ഞതു സംബന്ധിച്ച്
വഖഫ് ഭൂമിയിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നിയമത്തെ ഇന്ത്യയിൽ നിലവിലുള്ള മറ്റേതു നിയമത്തിനും മുകളിൽ പ്രതിഷ്ഠിക്കുന്ന സെക്ഷൻ 108A നിലവിൽ വന്നത് 2013ലെ ഭേദഗതിയിലൂടെയാണ് എന്നും ആ നിയമത്തിന് വെറും 11 വർഷത്തെ ആയുസ്സേ ഉള്ളൂ എന്നും നിരീക്ഷിക്കുന്ന കോടതി അതു നീക്കുന്നതിൽ പ്രഥമദൃഷ്ട്യാ ഒരു പ്രശ്നവുമില്ലെന്ന് പ്രസ്താവിക്കുന്നു (നമ്പർ 208).
ഉപസംഹാരമായി സുപ്രീം കോടതി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "മൊത്തത്തിൽ നോക്കുമ്പോൾ, മുഴുവൻ നിയമത്തിലെയും വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ ഉതകുന്ന ഒരു വിഷയവും ഉന്നയിക്കപ്പെട്ടതായി ഞങ്ങൾ കാണുന്നില്ല. അതിനാൽ, ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിക്കപ്പെട്ടിരിക്കുന്നു". ചുരുക്കിപ്പറഞ്ഞാൽ, വഖഫ് ഭേദഗതിയുടെ ഭരണഘടനാനുസൃതത്വവും മുൻ നിയമത്തിൻ്റെ ഭരണഘടനാ വിരുദ്ധതയുമാണ് ഇടക്കാല വിധിയിലൂടെ വ്യക്തമാകുന്നത്.
ഇതിൻ്റെ വെളിച്ചത്തിൽ കേന്ദ്രസർക്കാർ ഉടനടി ഒരു അസാധാരണ പാർലിമെൻ്റു വിളിച്ചു കൂട്ടി വഖഫ് ചട്ടങ്ങൾ പാസാക്കി സംസ്ഥാനസർക്കാരിന് നിർദ്ദേശങ്ങൾ നല്കും എന്നു പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രി ശ്രീ. കിരൺ റിജുജു മുനമ്പംകാർക്കു നല്കിയ 'മൂന്നാഴ്ചയുടെ ഉറപ്പ്' ഇനിയും നീളില്ലെന്നു പ്രതീക്ഷിക്കുന്നു!