'കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് അക്കൗണ്ട് വഴി വിതരണം'; പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സര്‍ക്കാര്‍

 
CASH


 
തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം ഒഴിവാക്കുന്നതില്‍ വിശദീകരണമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിലാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 


വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അര്‍ഹതയില്ലാത്തവര്‍, ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുള്‍പ്പെടുന്നു.


'പൂര്‍ണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്ക്. 

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍  സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.

നിലവില്‍ സഹകരണ സംഘങ്ങള്‍ മുഖേന വീടുകളിലെത്തി പെന്‍ഷന്‍ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. 

വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകള്‍ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോര്‍ട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകള്‍, അര്‍ഹതയില്ലാത്തവര്‍ക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

കേന്ദ്ര സര്‍ക്കാരിന്റെ ഡിബിടി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി'.-എന്നായിരുന്നു കേരള ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെയുള്ള വിശദീകരണം.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇനി സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് ലഭിക്കില്ലെന്നും പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 

കിടപ്പ് രോഗികള്‍ക്കും ഒഴിവാക്കാന്‍ ആകാത്ത ഗുണഭോക്താക്കള്‍ക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
 

Tags

Share this story

From Around the Web