മഡഗാസ്‌കറില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും കാണാതാകലും കൊലപാതകങ്ങളും വര്‍ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് സഭയും അധികാരികളും
മഡഗാസ്‌കറില്‍, പ്രത്യേകിച്ച് തലസ്ഥാനമായ അന്റാനനാരിവോയിലും സമീപ പ്രദേശങ്ങളിലും വര്‍ഷത്തിന്റെ തുടക്കം മുതല്‍ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് നടക്കുന്ന ദുരൂഹമായ കാണാതാകലുകളിലും കൊലപാതകങ്ങളിലും വലിയ ആശങ്ക ഉയരുന്നു.
ഗുരുതരമായ സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നാണ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്.
2026-ലെ ആദ്യ ആറ് മാസത്തിനിടെ കുട്ടികളെയും കൗമാരക്കാരെയും കാണാതായതായുള്ള 172 പരാതികളാണ് അധികാരികള്‍ക്ക് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗം കേസുകളും (172ല്‍ 119 കേസുകള്‍) തലസ്ഥാനവും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന അനലമാംഗ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ എട്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ബാക്കി 164 കുട്ടികളില്‍ 81 പേരെ കണ്ടെത്തിയെങ്കിലും 83 പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. അതേസമയം, കാണാതായവരുടെ പട്ടികയിലുള്ള ചിലര്‍ അധികാരികളെ അറിയിക്കാതെ സ്വന്തം കുടുംബങ്ങളിലേക്ക് തന്നെ മടങ്ങിയെത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
ഇതിനെത്തുടര്‍ന്ന്, തലസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കുന്നതിനായി പൊലീസും സൈന്യവും ചേര്‍ന്ന സംയുക്തസേനയുടെ രാപകല്‍ പട്രോളിംഗ് ഉള്‍പ്പെടെയുള്ള പുതിയ സുരക്ഷാ നടപടികള്‍ അധികാരികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ സംഭവവികാസങ്ങള്‍.
2025 ഒക്ടോബറിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന്, സ്വയം 'പ്രസിഡന്റ് ഓഫ് ദി റീഫൗണ്ടേഷന്‍' ആയി പ്രഖ്യാപിച്ച കേണല്‍ മൈക്കല്‍ റാന്ദ്രിയാനിരിനയുടെ നേതൃത്വത്തിലാണ് രാജ്യം ഇപ്പോള്‍ ഭരിക്കപ്പെടുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 'പൈശാചിക പ്രവര്‍ത്തനങ്ങള്‍' എന്നാണ് സമീപകാല സംഭവങ്ങളെ റാന്ദ്രിയാനിരിന വിശേഷിപ്പിച്ചത്.
''ഇപ്പോള്‍ സംഭവിക്കുന്നത് ഒരു രാഷ്ട്രീയ വിഷയമല്ല; ഇതൊരു ഭീകരവാദമാണ്. മഡഗാസ്‌കര്‍ പൂര്‍ണ്ണമായും അസ്ഥിരമായ ഒരു രാജ്യമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ വിശ്വസിപ്പിക്കാനാണ് ഒരുപക്ഷേ അവര്‍ ശ്രമിക്കുന്നത്'' കേണല്‍ പറഞ്ഞു.
കൂടാതെ മഡഗാസ്‌കറിലെ സഭകളെക്കൂടി ഉള്‍പ്പെടുത്തി കാണാതായവര്‍ക്കായുള്ള ഒരു മുന്നറിയിപ്പ് സംവിധാനം (അഹലൃ േട്യേെലാ) രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വ്യാജ വാര്‍ത്തകള്‍ക്കും അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും, പ്രതികാര നടപടികളില്‍ നിന്ന് പിന്തിരിയണമെന്നും ബിഷപ്പുമാര്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.