അധ്യാപക നിയമനങ്ങള്‍ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രപ്പോസല്‍ പുനഃപരിശോധിക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം, പൊതു നിയമനങ്ങള്‍ എന്നിവ സംബന്ധിച്ച്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അഡ്വക്കേറ്റ് ജനറലിന് നല്‍കിയ പ്രപ്പോസല്‍ ന്യൂനപക്ഷ മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്ക് ആശങ്കയുളവാക്കുന്നതാണ്.
ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ പരിഗണിക്കാതെയുള്ള ചില നിര്‍ദേശങ്ങള്‍ പ്രപ്പോസലില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍ നടത്താനുള്ള അധികാരം മാനേജര്‍ക്കാണ് എന്നിരിക്കെ, ഭിന്നശേഷി നിയമനങ്ങള്‍ക്ക് പുറമെ, പൊതു നിയമനങ്ങളും ജില്ലാ സമിതി നിര്‍ദേശിക്കുന്നത് പ്രകാരമായിരിക്കണമെന്നാണ് പ്രപ്പോസലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഭിന്നശേഷി നിയമനം സംബന്ധിച്ച പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് യഥാര്‍ഥ ആവശ്യമെന്നിരിക്കെ, അതിന്റെ മറവില്‍ പൊതു നിയമനങ്ങളില്‍ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകള്‍ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്.
ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുമ്പോട്ട് വച്ചിരിക്കുന്ന പ്രപ്പോസല്‍ യാതൊരു കാരണവശാലും അന്തിമമായി പരിഗണിക്കപ്പെടാന്‍ പാടുള്ളതല്ല. കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെവേണം.
തുടര്‍ചര്‍ച്ചകളില്‍ ന്യൂനപക്ഷ മാനേജ്മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഭരണഘടനാപരവും നീതിയുക്തവുമായ പുതിയ പ്രപ്പോസല്‍ തയ്യാറാക്കി അഡ്വക്കേറ്റ് ജനറലിന് നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നു.
ഫാ. ആന്റണി വക്കോ അറയ്ക്കല്‍
സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍