ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കരോള്‍ ഗാനമത്സരം: ന്യൂകാസില്‍ ഔര്‍ ലേഡി ക്യൂന്‍ ദി റോസറി മിഷന്‍ ഒന്നാമത്; രണ്ടും മൂന്നും സ്ഥാനക്കാര്‍ ഇവര്‍
ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ക്വയറിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ ഗായക സംഘങ്ങള്‍ക്കായി സംഘടിപ്പിച്ച കരോള്‍ ഗാന മത്സരത്തില്‍ (കന്ദിശ് 2025) ന്യൂകാസില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷന്‍ നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്‍ എന്നീ മിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലെസ്റ്ററിലെ സെഡാര്‍സ് അക്കാദമി ഹാളില്‍ വച്ച് നടന്ന മത്സരത്തില്‍ രൂപതയിലെ വിവിധ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷമുകളില്‍ നിന്നായി പതിനാല് ഗായക സംഘങ്ങള്‍ ആണ് പങ്കെടുത്തത്. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ രൂപതാ കമ്മീഷന്‍ ഫോര്‍ ക്വയര്‍ ചെയര്‍മാന്‍ ഫാ. ഫ്രജില്‍ പണ്ടാരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫാ. ഹാന്‍സ് പുതിയാ കുളങ്ങര എംസിബിഎസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മത്സരം കോഡിനേറ്റര്‍മാരായ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതവും ഷൈമോന്‍ തോട്ടുങ്കല്‍ നന്ദിയും അര്‍പ്പിച്ചു. കോഡിനേറ്റര്‍മാരായ ജോബിള്‍ ജോസ്, സിജു തോമസ്, ജിജോ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ലെസ്റ്റര്‍ സെന്റ് അല്‍ഫോന്‍സാ മിഷന്‍ ഡയറക്ടര്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഉദ്ഘാടനം ചെയ്തു. രൂപതാ മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോബിന്‍ പെരുമ്പളത്തുശേരി, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. എല്‍വിസ് ജോസ് കോച്ചേരി എംസിബിഎസ് എന്നിവരും പങ്കെടുത്തു. ആന്‍ റോസ് പരിപാടികള്‍ ഏകോപിപ്പിച്ചു.