നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഭിന്നശേഷിക്കാരനായ ആദിവാസി യുവാവ്
മലപ്പുറം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഭിന്നശേഷിക്കാരനായ ആദിവാസി യുവാവ്. മുണ്ടേരി ഇരുട്ടുകുത്തി ഊരിലെ കേള്‍വിശക്തിയില്ലാത്ത പ്രവീണ്‍ (17) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് പ്രവീണിന്റെ കുടുംബം താമസിക്കുന്നത്. രാത്രി പുഴയില്‍ വെള്ളമുയര്‍ന്നോ എന്നറിയാന്‍ ചാലിയാര്‍ തീരത്തേക്ക് പോയ പ്രവീണിനെ വീടിന് സമീപം മറഞ്ഞ് നിന്ന ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു.
അടിയേറ്റ് തെറിച്ച് വീണ പ്രവീണ്‍ ആനയുടെ മുമ്പില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ ശ്രീധരന്‍, വിപിന്‍ദാസ് എന്നിവരുടെ വീടുകളോട് ചേര്‍ന്ന് താത്കാലിമായി നിര്‍മിച്ച അടുക്കള കാട്ടാന ചിവിട്ടി തകര്‍ത്തു.