ഇ ഡബ്ല്യു എസ് സംവരണത്തില്‍ കേരള കത്തോലിക്കാ സഭയില്‍ ഭിന്നത രൂക്ഷം ! തീരുമാനമെടുക്കാന്‍ കഴിയാതെ കെസിബിസി

കോട്ടയം: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ ചൊല്ലി കേരള കത്തോലിക്കാ സഭയില്‍ ഭിന്നത രൂക്ഷം. വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളുമായി സിറോ- മലബാര്‍ സഭയും, ലത്തീന്‍ സഭയും രംഗത്ത്.
ഇ ഡബ്ല്യു എസ് സംവരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന് സിറോ മലബാര്‍ സഭയുടെ അല്‍മായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍ ഇ ഡബ്ല്യു എസ് സംവരണം പുന പരിശോധിക്കണമെന്നും, ഇത് അനര്‍ഹമായ സംവരണമാണെന്നും ലത്തീന്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ചു.
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണം ആണ് ഇ ഡബ്ല്യു എസ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10 ശതമാനം സംവരണമാണ് ഇ ഡബ്ല്യു എസ് ഉറപ്പുവരുത്തുന്നത്.
കേരളത്തിലെ സുറിയാനി സഭകള്‍ ഈ സംവരണത്തെ പിന്താങ്ങുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റ് സഭകളും, ലത്തീന്‍ സഭയും ഈ സംവരണത്തെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു.
അതിനാല്‍ തന്നെ കേരള കത്തോലിക്കാ സഭയിലും ഈ വിഷയം കീറാമുട്ടിയാണ്. മൂന്ന് വ്യക്തി സഭകളാണ് ഇന്ത്യയില്‍ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ളത്.
ഇതില്‍ മുന്നോക്ക സമുദായത്തെ പ്രതിനിധീകരിക്കുന്ന സിറോ - മലബാര്‍, മലങ്കര സഭകള്‍ ഇ ഡബ്ല്യു എസ് സംവരണത്തെ അനുകൂലിക്കുന്നവരാണ്.
പിന്നാക്ക സമുദായത്തെ പ്രതിനിധീകരിക്കുന്ന ലത്തീന്‍ കത്തോലിക്കാ സഭയാകട്ടെ ഇതിനെ എതിര്‍ക്കുന്നു. സംവരണം നടപ്പാക്കിയ പ്പോള്‍ തന്നെ ഇവര്‍ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം ഇ ഡബ്ല്യു എസ് സംവരണത്തിലൂടെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസ രംഗത്ത് സംവരണ നഷ്ടമുണ്ടാകുന്നതായി മുന്‍ എം എല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെ സിറോ മലബാര്‍ സഭ സിനഡ് തന്നെ രംഗത്ത് വന്നിരുന്നു.
ഇ ഡബ്ല്യു എസ് സംവരണത്തെ അട്ടിമറിക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പ്രതികരിക്കുമെന്നായിരുന്നു സിനഡ് പ്രതികരിച്ചത്. ഇതിന് പിന്നാലെ സഭയുടെ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്തു.
സംവരണത്തിനെതിരായ ശബ്ദങ്ങളെ എല്ലാ രീതിയിലും എതിര്‍ത്തു തോല്‍പ്പിക്കുമെന്നാണ് സംഘടനയുടെ തീരുമാനം.
എന്നാല്‍ ഈ സംവരണം അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ലത്തീന്‍ കത്തോലിക്കാ സഭ. അനര്‍ഹര്‍ക്ക് വളഞ്ഞ വഴിയിലൂടെ നേട്ടം ഉണ്ടാക്കുന്ന സംവരണം എന്നാണ്
സഭയുടെ സമുദായ സംഘടനയായ കെആര്‍എല്‍സിസിയുടെ നിലപാട്. 10% എന്നത് 5.5% ആയി കുറയ്ക്കണം എന്ന് അടക്കം സംവരണ മാനദണ്ഡങ്ങള്‍ പുനഃ പരിശോധിക്കണമെന്നും കെ ആര്‍ എല്‍ സി സി ആവശ്യപ്പെടുന്നത്.
അതേസമയം ഈ വിഷയത്തില്‍ കേരള കത്തോലിക്കാ സഭയില്‍ സഭകള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണ്. അതുകൊണ്ടു തന്നെ കെസിബിസിക്ക് ഇ ഡബ്ല്യു എസ് സംവരണത്തില്‍ ഒരു തീരുമാനവും എടുക്കാനാകുന്നില്ല.