അന്ന് താങ്കളും വാങ്ങിയില്ലേ? പിണറായി വിജയന്റെ ആരോപണത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍.
12.50 രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് ഹിമാചല്‍ പ്രദേശ് അധികാരികള്‍ കെ.എസ്.ഇ.ബിക്ക് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും, ഇത്തരമൊരു നിര്‍ദ്ദേശം പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ ചോദ്യമുന്നയിച്ചു.
ജി.എന്‍.എ എന്നത് ഒരു വൈദ്യുതി ഉല്പാദന കമ്പനിയല്ലെന്ന് ഇപ്പോള്‍ വാദിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവര്‍ ഈ കാര്യം മനഃപൂര്‍വം മറന്നതാണോ? അങ്ങനെയെങ്കില്‍ അവര്‍ അങ്ങയെ ജനങ്ങള്‍ക്ക് മുന്നില്‍ നാണം കെടുത്താനാണ് ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
അഹീെ ഞലമറ:മാറിയത് 36-ാമത്തെ ഉദ്യോഗസ്ഥന്‍, ഉദ്യോഗസ്ഥര്‍ മാറുന്നത് ആദ്യത്തെ സംഭവമല്ല; എക്‌സൈസ് കമ്മീഷണറെ മാറ്റിയതില്‍ വിശദീകരണവുമായി എം. ലിജു
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ കൊണ്ടുവന്ന ദീര്‍ഘകാല കരാര്‍ എട്ടു വര്‍ഷത്തെ ഉപയോഗത്തിന് ശേഷം റദ്ദാക്കുകയും, തുടര്‍ന്ന് 8 മുതല്‍ 14 രൂപ വരെ ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സഹായം ചെയ്യുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സതീശന്‍ ആഞ്ഞടിച്ചു.
അന്ന് അദ്ദേഹം കൈക്കൊണ്ടതുപോലെയുള്ള ജനദ്രോഹപരമായ ഒരു നടപടിയും നിലവിലെ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇടപാടിലെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
സെബി അന്വേഷണം നേരിടുന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര പ്രത്യേക താല്പര്യമെന്ന് ചോദ്യമുന്നയിച്ച പിണറായി, വിഷയത്തില്‍ വൈദ്യുതി മന്ത്രി പുലര്‍ത്തുന്ന മൗനം അദ്ദേഹത്തിന്റെ നിസ്സഹായതയാണ് കാണിക്കുന്നതെന്നും ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ക്കാണ് ഇപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്.