പദവി ചോദിച്ച് പിന്നാലെ പോയിട്ടില്ല, പാര്‍ട്ടി പറഞ്ഞാല്‍ വീട്ടിലിരിക്കാനും തയ്യാര്‍: എം.കെ മുനീര്‍
 

 
m k muneer

കോഴിക്കോട്: ഒരു പദവിക്ക് പിന്നാലെ പോകുന്ന ആളല്ല താനെന്നും പാര്‍ട്ടി പറഞ്ഞാല്‍ വീട്ടിലിരിക്കാന്‍ തയ്യാറാണെന്നും മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവി ഉള്‍പ്പെടെയുള്ള തീരുമാനം താന്‍ അറിഞ്ഞിരുന്നില്ലെന്നും എല്ലാവരും സമ്മതിച്ച ശേഷം സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു. 

ഈ പദവി വെറുമൊരു അലങ്കാരമല്ലെന്നും, മുന്നണിയിലെ തര്‍ക്കങ്ങള്‍ ചെയര്‍മാനും കണ്‍വീനറും ചര്‍ച്ച ചെയ്ത് പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെയും ഡല്‍ഹിയിലെ ശ്രീ ദേവരാജന്റെ നിയമനത്തെ കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ പെട്ടിരുന്നു, കൂടെ ചില വിവാദങ്ങളും. ഒരു പദവിയും ചോദിച്ചുകൊണ്ട് പിന്നാലെ നടക്കുന്നയാളല്ല ഞാന്‍. 

ഭരണപരിഷ്‌കാര കമ്മീഷന്‍ പദവിയെന്നത് അലങ്കാര പദവിയാണെന്ന് കരുതുന്നില്ല. ആരെയെങ്കിലും അക്കമഡേറ്റ് ചെയ്യാനുള്ള പദവിയല്ല അത്. ഇതേസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം എന്താണെന്ന് ഇതുവരെയും അറിഞ്ഞിട്ടില്ല. ഏതായാലും പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യാന്‍ ഞാനൊരുക്കമാണ്. അതാണ് എന്റെ പാരമ്പര്യം. 

ഇനി വീട്ടിലിരിക്കാനാണ് പറയുന്നതെങ്കില്‍ അതും ചെയ്യും. യുഡിഎഫ് ചെയര്‍മാനും കണ്‍വീനറും ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ'. എം.കെ മുനീര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും അതിനെ അടിച്ചമര്‍ത്തുന്നതിന് പകരം, എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

നേരത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന മുനീര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു. അധികാരത്തിലെത്തിയാല്‍ മുനീറിന് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ ഈ പദവി ഉണ്ടായിരുന്നില്ല

Tags

Share this story

From Around the Web