ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ചൂരലും മരക്കഷ്ണവും കൊണ്ട് മര്‍ദിച്ചെന്ന് പരാതി
ബെംഗളൂരു: കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ രണ്ടാം ക്ലാസുകാരനെ അധ്യാപികയും പ്രധാനധ്യാപകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരിലാണ് ക്രൂരമര്‍ദനം. ബാഗല്‍കോട്ടിലെ നാവല്‍ഗിലിയിലെ റാണി ചെന്നമ്മ എയ്ഡഡ് സ്‌കൂളിലാണ് സംഭവം.
സുഖമില്ലാത്തതിനാല്‍ രണ്ട് ദിവസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടി സ്‌കൂളിലെത്തിയത്. തുടര്‍ന്ന് ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ക്ലാസ് ടീച്ചറും പ്രധാനധ്യാപകനും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.
അധ്യാപിക വിജയലക്ഷ്മി തല്‍വാര്‍, പ്രധാനധ്യാപകന്‍ അങ്കടി എന്നിവര്‍ക്കെതിരെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ ചൂരല്‍ കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലുണ്ട്. മര്‍ദനത്തില്‍ മുഖത്തും നെഞ്ചത്തും കാലിനുമടക്കം പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.