അതിര്‍ത്തി കടന്നെത്തിയത് അബദ്ധത്തിലോ? ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ മുറിച്ചുകടന്ന പാക് പെണ്‍കുട്ടി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് പ്രവേശിച്ച 17 വയസ്സുള്ള പാക് പെണ്‍കുട്ടിയെ സൈന്യം കസ്റ്റഡിയിലെടുത്തു.
നൗഷേറ സെക്ടറിലെ ലാം അതിര്‍ത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് സംഘം പെണ്‍കുട്ടിയെ തടഞ്ഞുവെച്ചത്. പാക് അധീന കശ്മീരിലെ ഖുയിരേറ്റ സ്വദേശിനിയാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തിയത് അബദ്ധത്തിലാണെന്നാണ് പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ നല്‍കിയിട്ടുള്ള പ്രാഥമിക മൊഴി. തുടര്‍നടപടികളുടെ ഭാഗമായി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം പെണ്‍കുട്ടിയെ നൗഷേറ പോലീസിന് കൈമാറിയിരിക്കുകയാണ്.
എന്നാല്‍ പെണ്‍കുട്ടി വഴിതെറ്റി എത്തിയതാണോ അതല്ല ഇതിന് പിന്നില്‍ മറ്റ് ദുരൂഹ ലക്ഷ്യങ്ങള്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.