വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡികാസ്റ്ററി: വിശുദ്ധ പദപ്രഖ്യാപനത്തിലേക്കടുത്ത് ഒരു അല്‍മായനുള്‍പ്പെടെ ആറുപേര്‍ കൂടി

 
vatican


മാതൃകാപരമായ ക്രൈസ്തവജീവിതം നയിച്ച ആറ് പേര്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെടാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡികാസ്റ്ററി.

 പരിശുദ്ധ പിതാവ് ലിയോ പാപ്പാ,  വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയ്ക്ക് പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചതിനെത്തുടര്‍ന്ന്, മാര്‍ച്ച് 23 തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഡിക്രികള്‍ ഡികാസ്റ്ററി പുറത്തുവിട്ടത്.

ഒരു കര്‍ദ്ദിനാള്‍, രണ്ട് വൈദികര്‍, രണ്ട് സന്ന്യസ്തകള്‍, ഒരു അല്‍മായന്‍ എന്നിങ്ങനെ ആറ് പേരുടെ നാമകരണച്ചടങ്ങുകള്‍ സംബന്ധിച്ച രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 

ഇറ്റലിയില്‍ നിന്നുള്ള രണ്ടു പേരും, അയര്‍ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ഉള്‍പ്പെടെയുള്ള ഈ ആറുപേരും യൂറോപ്പില്‍നിന്നുള്ളവരാണ്. 

ഇതില്‍, പോളണ്ടില്‍ ജനിച്ച സ്തനിസ്ലാവ സമുലോവ്‌സ്‌ക എന്ന ദൈവദാസി മദ്ധ്യ അമേരിക്കയിലുള്ള ഗ്വാത്തെമാലയില്‍ വച്ചായിരുന്നു മരണമടഞ്ഞത്.

1805 ജൂലൈ 17-ന് റോമില്‍ ജനിച്ച്, 1867 ഓഗസ്റ്റ് 11-ന് ലാത്സിയോ പ്രദേശത്തുള്ള അല്‍ബാനോയില്‍ മരണമടഞ്ഞ, അല്‍ബാനോ രൂപതയുടെ മെത്രാനും, കര്‍ദ്ദിനാളുമായിരുന്ന ദൈവദാസന്‍ ലുദൊവീകോ അല്‍ത്തിയേരിയുടെ ജീവത്യാഗം സംബന്ധിച്ചതാണ് തീരുമാനങ്ങളില്‍ ഒന്ന്.

രണ്ടാമത്തെ ഗണത്തിലുള്ളത് അഞ്ച് വ്യക്തികളുടെ ജീവിതത്തിലെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രികളാണ്.

അയര്‍ലണ്ടിലെ ബാലിമോയില്‍ 1886 ജൂലൈ 13-ന് ജനിച്ച് രൂപതാ വൈദികനായിത്തീര്‍ന്ന ദൈവദാസന്‍ എഡ്വേഡ് ജോസഫ് ഫ്‌ളാനഗനാണ് ഇവരില്‍ ഒരാള്‍. 

ബോയ്‌സ് ടൌണ്‍ എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ഒരിടം സ്ഥാപിച്ച ഇദ്ദേഹം, 1948 മെയ് 15-ണ് ജര്‍മനിയിലെ ബെര്‍ലിനില്‍ വച്ചാണ് മരണമടഞ്ഞത്.

ഫ്രാന്‍സിലെ ലിയോണില്‍ 1903 ജൂലൈ 30-ന് ജനിച്ച്, രൂപതാവൈദികനായ എന്റിക് കഫാറെലിന്റെ വീരോചിത പുണ്യങ്ങളും പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. 

എക്വിപ് നോത്‌റ് ദാം എന്ന അസോസിയേഷന്റെയും, 'ഉത്ഥാനമാതാവിന്റെ സഹോദര്യസഭ' എന്ന സെക്കുലര്‍ ഇന്‌സ്ടിട്യൂട്ടിന്റെയും സ്ഥാപകനായ ഈ ദൈവദാസന്‍ 1996 സെപ്റ്റംബര്‍ 18-ന് ഫ്രാന്‍സിലെ ബൊവേയില്‍ വച്ചാണ് മരണമടഞ്ഞത്.

1865 ജനുവരി 30-ന് ഇന്നത്തെ പോളണ്ടിന് കീഴിലുള്ള വോറിത്തിയില്‍ ജനിച്ച ദൈവദാസി സ്തനിസ്‌ളാവയും ഈ അംഗീകാരത്തിന് അര്‍ഹയായി.

  വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സന്ന്യസ്തസഭയില്‍  സമര്‍പ്പിതയായിരുന്നു ബാര്‍ബര എന്ന പേരുണ്ടായിരുന്ന ഈ സഹോദരി. 1950 ഡിസംബര്‍ 6-ന് ഗ്വാത്തെമാലയിലെ ഗ്വാത്തെമാല നഗരമെന്ന തലസ്ഥാനത്താണ് ഈ ദൈവദാസി മരണമടഞ്ഞത്.

മരിയ ദൊളോറെസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും, തിരുഹൃദയമക്കള്‍ എന്ന സമര്‍പ്പിതസമൂഹത്തില്‍, യേശുവിന്റെ തിരുഹൃദയത്തിന്റെ ബെത്‌ലഹേമിലെ മരിയ (റൊമേറോ ആല്‍ഗറീന്‍) എന്ന നാമം സ്വീകരിച്ചവളുമായ ദൈവദാസിയുടെ വീരോചിത പുണ്യങ്ങളും സഭ അംഗീകരിച്ചു.

 1916 ഒക്ടോബര്‍ 7-ന് സ്‌പെയിനിലെ സിവിലിയായില്‍ ജനിച്ച മരിയ, 1977 നവംബര്‍ 12-ന് സ്‌പെയിനിലെ സാന്‍ലൂകാര്‍ അ മയോര്‍ എന്നയിടത്തുവച്ചാണ് മരണമടഞ്ഞത്.

ഒരു കുടുംബനാഥനും, ഇറ്റലിയിലെ മോന്തേബറന്‍സോണെയില്‍ 1909 മാര്‍ച്ച് 15 ജനിച്ചയാളുമായ് ദൈവദാസന്‍ ജ്യുസേപ്പേ കസ്തഞ്ഞെത്തിയുടെ വീരോചിതപുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. 

1965 ജൂണ്‍ 22-ന് തന്റെ ജന്മനാട്ടില്‍ വച്ചുതന്നെയാണ് അദ്ദേഹം മരണമടഞ്ഞത്. 

Tags

Share this story

From Around the Web