വിശുദ്ധ നാടിനു വേണ്ടി സഹായം വീണ്ടും അഭ്യര്‍ത്ഥിച്ച് പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്റ്ററി
വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടിനു വേണ്ടി ഓരോ വര്‍ഷവും ദുഃഖ വെള്ളിയാഴ്ച ദേവാലയങ്ങളിലെ സ്‌തോത്രക്കാഴ്ച, പ്രത്യേകം നീക്കിവയ്ക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷവും കൂടുതല്‍ ഉദാരമായി സംഭാവന ചെയ്യാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥനയുമായി പൗരസ്ത്യ സഭകള്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി.
വിശുദ്ധ നാട്ടില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധ ഭീകരതയുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അവരെ സഹായിക്കുവാനും ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളെ ക്ഷണിച്ചുക്കൊണ്ടാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
കര്‍ത്താവായ യേശുവിന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളെ വളരെക്കാലമായി കാത്തുപരിപാലിക്കുന്ന വിശുദ്ധ നാടിന്റെ സംരക്ഷണത്തിന് സഹായം ഏറെ ആവശ്യമാണെന്നും ദുഃഖ വെള്ളിയാഴ്ച ഉദാരമായി സംഭാവന ചെയ്യണമെന്നും ഡിക്കാസ്റ്ററിയുടെ കത്തില്‍ പ്രത്യേകം പറയുന്നു.
യുദ്ധത്തെ തുടര്‍ന്നു തീര്‍ത്ഥാടകരുടെ സാന്നിധ്യത്തെ ആശ്രയിച്ചു ചെയ്തുക്കൊണ്ടിരിന്ന ജോലി വിശുദ്ധനാട്ടിലെ പല ക്രിസ്ത്യാനികള്‍ക്കും നഷ്ടപ്പെട്ടുവെന്നും യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാനും പുതിയ വീടുകള്‍ നിര്‍മ്മിക്കാനും അവരെ സഹായിക്കേണ്ടത് സഹോദരങ്ങളെന്ന നിലയില്‍ ഏവരുടെയും ഉത്തരവാദിത്വമാണെന്നും ഡിക്കാസ്റ്ററി ചൂണ്ടിക്കാട്ടി.
ഇതേപ്പറ്റിയുള്ള അനുഭവങ്ങള്‍ വിശ്വാസി സമൂഹത്തോട് പങ്കുവയ്ക്കുവാനും, ചിത്രങ്ങളുടെയും, മറ്റു വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിക്കുവാനും, ലോകമെമ്പാടുമുള്ള അജപാലകരെ ഡിക്കാസ്റ്ററി ക്ഷണിച്ചു.
വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള സ്‌തോത്രക്കാഴ്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്.
1974-ല്‍ അന്ന് മാര്‍പാപ്പയായിരിന്ന പോള്‍ ആറാമന്‍ പാപ്പ, ദുഃഖവെള്ളി - വിശുദ്ധ നാടിന് വേണ്ടിയുള്ള സ്‌തോത്രക്കാഴ്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരിന്നു.