ഡയാനയുടെ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്; വില 2.87 കോടി രൂപ വരെ;ഭര്‍ത്താവായ ചാള്‍സില്‍ നിന്നും മോശം അനുഭവം ഉണ്ടായതിന് പിന്നാലെയാണ് ഡയാന കറുത്ത വസ്ത്രം അണിഞ്ഞത്

 
REVENGE DRESS

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയുടെ പ്രശസ്തമായ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്. ഡിസംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ സോത്ബീസില്‍ നടക്കുന്ന ലേലത്തില്‍ വസ്ത്രത്തിന് 1.44 കോടി മുതല്‍ 2.87 കോടി രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.


ഗ്രീക്ക് ഡിസൈനറായ ക്രിസ്റ്റീന സ്റ്റാംബോളിയനാണ് കറുത്ത സില്‍ക്ക് വസ്ത്രം രൂപകല്‍പ്പന ചെയ്തത്. 1994 ജൂണ്‍ 29ന് ലണ്ടനിലെ സെര്‍പന്റൈന്‍ ഗാലറിയില്‍ നടന്ന വാനിറ്റി ഫെയര്‍ ചാരിറ്റി പരിപാടിയിലാണ് ഡയാന ഈ വസ്ത്രം ധരിച്ചത്. 

അതേ ദിവസം തന്നെയാണ് അന്നത്തെ പ്രിന്‍സ് ചാള്‍സ് വിവാഹജീവിതത്തില്‍ താന്‍ പങ്കാളിയായ ഡയാനയെ വഞ്ചിച്ചുവെന്ന് പരസ്യമായി സമ്മതിച്ചത്.


ഓഫ്-ഷോള്‍ഡര്‍ ഡിസൈനും ആഴത്തിലുള്ള നെക്ലൈനും നീളം കുറഞ്ഞ ഹെംലൈനുമായിരുന്നു വസ്ത്രത്തിന്റെ പ്രത്യേകത. 

സാധാരണയായി ലളിതവും യാഥാസ്ഥിതികവുമായ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന ഡയാനയുടെ പതിവ് ശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇത്. മുത്തുകളും നീലക്കല്ലും പതിച്ച ചോക്കറും കമ്മലുകളും കറുത്ത ഹൈഹീലുമണിഞ്ഞാണ് ഡയാന പരിപാടിക്കെത്തിയത്.


എങ്ങനെയാണ് 'റിവഞ്ച് ഡ്രസ്' എന്ന പേര് ലഭിച്ചത്?
ഭര്‍ത്താവായ ചാള്‍സില്‍ നിന്നും മോശം അനുഭവം ഉണ്ടായതിന് പിന്നാലെയാണ് ഡയാന കറുത്ത വസ്ത്രം അണിഞ്ഞത്. പിന്നീട് മാധ്യമങ്ങളും പൊതുജനങ്ങളും ഇതിനെ 'റിവഞ്ച് ഡ്രസ്' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഡയാന നല്‍കിയ ഔദ്യോഗിക പേരല്ല ഇത്.

ഡയാനയുടെ ഫാഷന്‍ ശൈലിയിലെ മാറ്റത്തിന്റെ പ്രതീകമായും വസ്ത്രം പിന്നീട് വിലയിരുത്തപ്പെട്ടു. ചാള്‍സുമായുള്ള വേര്‍പിരിയലിന് ശേഷം കൂടുതല്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുന്ന ജീവിതത്തിലേക്ക് ഡയാന മാറിയതിന്റെ സൂചനയായാണ് ഫാഷന്‍ ലോകം ഈ വസ്ത്രത്തെ കാണുന്നത്.

1997 ജൂണില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഡയാനയുടെ വസ്ത്രങ്ങളുടെ ചാരിറ്റി ലേലത്തിലാണ് 'റിവഞ്ച് ഡ്രസ്' ആദ്യമായി വിറ്റത്. ഡയാനയുടെ 79 വസ്ത്രങ്ങളാണ് അന്ന് ലേലത്തിന് വെച്ചത്. കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മേഖലകളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ലേലത്തില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചത്. 

തുടര്‍ന്ന് സ്വകാര്യ ഉടമസ്ഥതയിലായിരുന്ന വസ്ത്രം ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ലേലത്തിനെത്തുന്നത്.
ന്യൂയോര്‍ക്കില്‍ ഡിസംബര്‍ ഒമ്പതിന് നടക്കുന്ന പ്രത്യേക ഫാഷന്‍ ലേലത്തിലെ പ്രധാന ആകര്‍ഷണമായിരിക്കും 'റിവഞ്ച് ഡ്രസ്'. 

1.50 ലക്ഷം മുതല്‍ 3 ലക്ഷം ഡോളര്‍ വരെയാണ് സോത്ബീസ് കണക്കാക്കുന്ന വില. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഇത് ഏകദേശം 1.44 കോടി മുതല്‍ 2.87 കോടി രൂപ വരെയാണ്.

ലേലത്തിന് മുന്നോടിയായി ലണ്ടന്‍, ഹോങ്കോങ്, ജനീവ എന്നിവിടങ്ങളിലും വസ്ത്രം പ്രദര്‍ശിപ്പിക്കും. ലേലത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം റോയല്‍ ഹോസ്പിറ്റല്‍ ഓഫ് എഡിന്‍ബര്‍ഗിനുവേണ്ടിയുള്ള എന്‍എച്ച്എസ് ലൊത്തിയന്‍ ചാരിറ്റിക്ക് നല്‍കും.

Tags

Share this story

From Around the Web