ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി: ധ്രുവ് റാഠിയുടെ യൂട്യൂബ് വീഡിയോയ്ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍

 
dhruv rathee



ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് ഗൂഗിള്‍ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. 

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയുടെ (GAC) നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തതെന്ന് യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 

ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, സീതാദേവി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് കഴിഞ്ഞ മാര്‍ച്ച് 21-ന് പുറത്തിറങ്ങിയ വീഡിയോ എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകയായ അമിതാ സച്ച്ദേവയാണ് കോടതിയെ സമീപിച്ചത്.

വീഡിയോ പൂര്‍ണമായും പിന്‍വലിക്കാന്‍ ജിഎസി ഗൂഗിളിനോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും, നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് വിലക്കുള്ളത്. 

വീഡിയോ ആഗോളതലത്തില്‍ തടയണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലായതിനാലാണ് വിലക്ക് ഇന്ത്യയില്‍ മാത്രമായി ചുരുക്കിയതെന്നും, ഗൂഗിളിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വ്യക്തമാക്കി. കേസില്‍ സെപ്റ്റംബര്‍ മൂന്നിന് കോടതി വീണ്ടും വാദം കേള്‍ക്കും.

ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിനും യൂട്യൂബിന്റെ ഗ്രീവന്‍സ് ഓഫീസര്‍ക്കും ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി യൂട്യൂബ് തള്ളിയതോടെ മാര്‍ച്ച് 27ന് ഹരജിക്കാരി ജിഎസിക്ക് അപ്പീല്‍ നല്‍കി.

 എന്നാല്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും കമ്മിറ്റി അതില്‍ പരാജയപ്പെട്ടുവെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. 

തുടര്‍ന്നാണ് വിഷയത്തില്‍ 15 ദിവസത്തിനകം അടിയന്തര തീരുമാനമെടുക്കാന്‍ ജൂലൈ മൂന്നിന് ഹൈക്കോടതി ജിഎസിയോട് നിര്‍ദേശിച്ചത്.

Tags

Share this story

From Around the Web