മരണത്തിലും തണലായി ദേവപ്രയാഗ്. ഈ ഒന്‍പത് വയസുകാരന്‍ ഇനി അഞ്ച് പേരിലൂടെ ജീവിക്കും
തിരുവനന്തപുരം: നിലമേലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഒന്‍പതു വയസുകാരന്‍ ദേവപ്രയാഗിന്റെ അവയവങ്ങള്‍ ദാനം ചെയ്തു.
തിരുവനന്തപുരം തിരുമല ആറാമടയില്‍ നെടുമ്പറത്ത് വീട്ടില്‍ ബിച്ചുചന്ദ്രന്റെയും സി എം അഖിലയുടെയും മകനാണ് ദേവപ്രയാഗ്.
ദേവപ്രയാഗിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരത്തെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലെ രോഗികള്‍ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിയ്ക്കുമാണ് നല്‍കിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേവപ്രയാഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിന്റെ അച്ഛന്‍ ബിച്ചു ചന്ദ്രനും, സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവഗുരുതരവാസ്ഥയിലായിരുന്നു. മൂന്നുപേരേയും ഉടന്‍ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് ഗുരുതരാവസ്ഥ തുടര്‍ന്ന ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡിസംബര്‍ 18ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു.
ദേവപ്രയാഗ് ശാന്തിനികേതന്‍ സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ദേവപ്രയാഗിന്റെ അമ്മ സി.എം അഖില കലക്ടറേറ്റില്‍ ആര്‍ടിഒ ഓഫീസില്‍ ജോലി ചെയ്തുവരുന്നു. ബിജു ചന്ദ്രന്‍, ബീന എന്നിവര്‍ ബിച്ചു ചന്ദ്രന്റെ സഹോദരങ്ങളാണ്.
ചിത്രം: ദേവപ്രയാഗ്