ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ധിക്കുന്നു; വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ പുതിയ നിയന്ത്രണവുമായി ദേവസ്വം ബോര്‍ഡ്

 
sabarimala



പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വീണ്ടും വര്‍ധിക്കുന്നു. മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതിന്റെ പത്താം ദിവസമായ നവംബര്‍ 26 ഇന്നലെ 73,744 അയ്യപ്പന്മാരാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയത്. ഉച്ചയ്ക്ക് ശേഷം സന്നിധാനത്തെ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

അതേസമയം, ശബരിമലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. മഴ ശക്തമായതോടെ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ഒരുക്കിയ ഓഡിറ്റോറിയം ചോര്‍ന്നൊലിക്കുന്ന സാഹചര്യമുണ്ടായി. ഭക്തരുടെ എണ്ണം കൂടുന്നതിനൊപ്പം പ്രതികൂല കാലാവസ്ഥ കൂടി തുടരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.


ഇതിനിടെ, വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ ദേവസ്വം ബോര്‍ഡ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നു. നിലവിലുള്ള ബുക്കിംഗ് റദ്ദാക്കിയാല്‍ സ്ലോട്ട് ഒഴിഞ്ഞാലുടന്‍ പുതിയ ബുക്കിംഗ് നടത്താന്‍ ഇനി സാധിക്കില്ല. ബുക്കിംഗ് റദ്ദാക്കി എട്ട് മണിക്കൂറിന് ശേഷമേ അടുത്ത ബുക്കിംഗ് അനുവദിക്കുകയുള്ളൂ. കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്ത് നടത്തുന്ന തട്ടിപ്പുകള്‍ തടയുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web