ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിലെ പ്രധാന തിരുനാൾ ഇന്നും നാളെയും. ഇന്നു വൈകുന്നേരം ക്ലാരമഠത്തിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന ജപമാല പ്രദക്ഷിണം നടക്കും. ജപമാല പ്രദക്ഷിണത്തിന് ഫാ.മാത്യു തയ്യിൽ കാർമികത്വം വഹിക്കും. ഫാ.ഡോ. സരീഷ് തൊണ്ടാംകുഴി സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിനമായ നാളെ പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. 8.30ന് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിക്കും. രാവിലെ 10.30ന് ഇടവകപ്പള്ളിയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഉച്ചയ്ക്ക് 12.30ന് തിരുനാൾ പ്രദക്ഷിണം.
അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്നലെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു. ജീവിതകാലത്ത് ഈശോയോട് സംഭാഷണത്തിൽ ആയിരുന്ന അൽഫോൻസാമ്മ ഇന്ന് എല്ലാവരോടും സംസാരിക്കുകയാണെന്നും അതുകൊണ്ട് ഈ പുണ്യ കുടീരം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരും ആത്മീയമായി നവീകരിക്കപ്പെട്ട് സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നത്, സഭയുടെ ആധ്യാത്മികപാരമ്പര്യം വിശുദ്ധരിലൂടെ സംജാതമാകുന്നതിന് തെളിവാണെന്നും കർദ്ദിനാൾ പറഞ്ഞു.