നിർമ്മിത ബുദ്ധിയുടെ വികസനം പൊതുനന്മയ്ക്ക് സഹായകരമാകണം: ആർച്ചുബിഷപ്പ് ബാലസ്ട്രെറോ
ഉപയോക്താക്കളെയും ബിസിനസുകളെയും സേവന ദാതാക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ആന്തരഘടനകളെ അടിസ്ഥാനമാക്കിയുള്ള, പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥയിൽ, മാന്യമായ തൊഴിലിനെ സംബന്ധിച്ചുള്ള സംവാദത്തിൽ, ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകൻ, ആർച്ചുബിഷപ്പ് എത്തോറെ ബാലസ്ട്രെറോ പ്രസ്താവന നടത്തി. 114-ാമത് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തോടനുബന്ധിച്ചാണ്, സംവാദം നടന്നത്.
പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ച തൊഴിൽ ലോകത്തെ മാറ്റിമറിച്ചുവെന്നും, തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തതിനോടൊപ്പം, പുതിയ രൂപത്തിലുള്ള ചൂഷണതകൾക്കു, തൊഴിലാളികളെ വിധേയമാക്കുന്നുണ്ടെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ മനുഷ്യ വ്യക്തിയുടെ അന്തർലീനമായ ദൈവം നൽകിയ അന്തസ്സിലും ജോലിയുടെ അന്തസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അടിവരയിട്ടുകൊണ്ട്, നിർമ്മിത ബുദ്ധിയുടെ സമീപകാല സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, "വെല്ലുവിളികൾ സാങ്കേതികമല്ല, നരവംശശാസ്ത്രപരമാണ്" എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.
നിർമ്മിത ബുദ്ധിയുടെ അധികാരം ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനെ, പരിശുദ്ധ സിംഹാസനം എതിർക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം, "ആഗോള സമൂഹത്തിന്റെ വിവിധ തലങ്ങളെ ബഹുമാനിക്കുകയും പൊതുനന്മയ്ക്കായി അവരെ സംയുക്തമായി ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യുന്ന സഹകരണ രൂപങ്ങൾ പടുത്തുയർത്തണം എന്ന "മാഞ്ഞിഫിക്ക ഹുമാനിത്താസ്" ചാക്രികലേഖനത്തിലെ വാക്കുകളും ഉദ്ധരിച്ചു.
അതിനാൽ, പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ ദോഷകരമായ ഫലങ്ങൾ ലഘൂകരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് സാമൂഹിക പങ്കാളികളുമായി ചർച്ചകളിൽ ഏർപ്പെടേണ്ടത് നിർണായകമാണെന്നും പ്രസ്താവനയിൽ ആർച്ചുബിഷപ്പ് എടുത്തു പറയുന്നു.