ഫ്രാന്‍സിലേക്കുള്ള പാപ്പയുടെ അപ്പസ്‌തോലിക യാത്രയുടെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
'ലോകത്തിന് ജീവന്‍ ഉണ്ടാകേണ്ടതിന്' എന്ന പ്രമേയം മുന്നോട്ടുവച്ച് ലെയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിലേക്ക് സന്ദര്‍ശനം നടത്തും. ഓഗസ്റ്റ് ഏഴ്, വെള്ളിയാഴ്ച വത്തിക്കാന്‍ പ്രസ്സ് ഓഫീസാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ മെയ് പതിനാറാം തീയതി അറിയിച്ചിരുന്നതുപോലെ, സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ തീയതികളിലായി ഫ്രാന്‍സിലേക്കും ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും സംസ്‌കാരത്തിനും വേണ്ടിയുള്ള യുനെസ്‌കോ കേന്ദ്രത്തിലേക്കും പാപ്പ സന്ദര്‍ശനം നടത്തും.
ഈ യാത്രയില്‍ രാജ്യതലസ്ഥാനമായ പാരീസിനു പുറമെ, പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ലൂര്‍ദ്, മെറ്റ്‌സ് (ങല്വേ) നഗരങ്ങളും പാപ്പ സന്ദര്‍ശിക്കും. ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2008 ല്‍ നടത്തിയ അപ്പസ്‌തോലിക യാത്രയ്ക്ക് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫ്രാന്‍സിലെ രാഷ്ട്രനേതൃത്വത്തിന്റെയും പ്രാദേശിക കത്തോലിക്കാ സഭയുടെയും യുനെസ്‌കോ ഡയറക്ടര്‍ ജനറലിന്റെയും ക്ഷണങ്ങള്‍ സ്വീകരിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിലേക്ക് എത്തുന്നത്.
വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തില്‍, ജീവന്റെ അപ്പമായ യേശു താന്‍ ലോകത്തിന് ജീവന്‍ നല്‍കുന്ന അപ്പമാണ് എന്ന സത്യം വ്യക്തമാക്കുന്ന (യോഹ. 6:51) ഭാഗത്തു നിന്നുള്ള, 'ലോകത്തിന് ജീവന്‍ ഉണ്ടാകേണ്ടതിന്' എന്ന വാക്യമാണ് ഫ്രാന്‍സിലേക്കുള്ള യാത്രയുടെ പ്രമേയമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്.
ഗോഥിക് ദൈവാലയങ്ങളിലെ വിവിധ വര്‍ണ്ണങ്ങളിലുള്ള ചില്ലുകളാല്‍ അലംകൃതമായ ജാലകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്.
ഒരു ആര്‍ച്ചും കുരിശും മാനവികതയ്ക്കുള്ള സമാധാനത്തിന്റെ സന്ദേശമായ ഒലിവില പേറുന്നതും പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്നതുമായ ഒരു പ്രാവുമാണ് ഔദ്യോഗിക ചിഹ്നത്തിലുള്ളത്.
സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച ആരംഭിക്കുന്ന അപ്പസ്‌തോലിക യാത്രയുടെ ആദ്യപാദം പാരീസാണ്. സെപ്റ്റംബര്‍ 26 ശനിയാഴ്ച പാപ്പ, 'ബകിത ഭവനം' എന്ന കുടിയേറ്റക്കാര്‍ക്കായുള്ള കേന്ദ്രം സന്ദര്‍ശിക്കും.
പിന്നീട് കോണ്‍കോര്‍ഡ് ചത്വരത്തില്‍ പരിശുദ്ധ പിതാവ് വിശുദ്ധ ബലിയര്‍പ്പിക്കും. പാരീസിലെ ചടങ്ങുകള്‍ക്കു ശേഷം ലൂര്‍ദിലേക്കു പോകുന്ന പാപ്പ, അവിടെയുള്ള പരിശുദ്ധ അമ്മയുടെ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രാര്‍ഥിക്കും.
അപ്പസ്‌തോലിക യാത്രയുടെ അവസാനദിനമായ സെപ്റ്റംബര്‍ 28 തിങ്കളാഴ്ച മെറ്റ്‌സിലേക്കു പോകുന്ന പാപ്പ വിവിധ പരിപാടികള്‍ക്കു ശേഷം വി. സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കും. അതിനു ശേഷമാകും പാപ്പ റോമിലേക്ക് മടങ്ങുക.