ഹോർമുസ് കടലിടുക്ക് തുറന്നിട്ടും പ്രതിസന്ധി ഒടുങ്ങുന്നില്ല; വികസ്വര രാജ്യങ്ങളിൽ ഭക്ഷ്യ, ഇന്ധന വിലക്കയറ്റം തുടരുമെന്ന് യു.എൻ റിപ്പോർട്ട്
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായിത്തുടങ്ങിയെങ്കിലും, വികസ്വര രാജ്യങ്ങളിൽ ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം മാസങ്ങളോളം തുടരുമെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) മുന്നറിയിപ്പ് നൽകി. നൂറിലധികം ദിവസം നീണ്ടുനിന്ന ഗതാഗത തടസ്സം ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചതായി യു.എൻ (UN) ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ- തുറക്കലിനപ്പുറം’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ്, നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ ചരക്കുകൂലി കരാറുകൾക്കും വിതരണ ശൃംഖലകൾക്കും കൂടുതൽ സമയമെടുക്കുമെന്നും ഇത് വികസ്വര രാജ്യങ്ങളിലെ കുട്ടികളിൽ കടുത്ത പോഷകാഹാരക്കുറവിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നത്.
ഭക്ഷ്യവിലയിലുണ്ടാകുന്ന നേരിയ വർദ്ധനവ് പോലും പാവപ്പെട്ട കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭക്ഷണസാധനങ്ങളുടെ യഥാർത്ഥ വിലയിൽ ഉണ്ടാകുന്ന വെറും 5% വർദ്ധനവ്, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ ഉയരത്തിനൊത്ത ഭാരമില്ലായ്മ പോലുള്ള കടുത്ത പോഷകാഹാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത 15 ശതമാനമായി വർദ്ധിപ്പിക്കുന്നു. ഗ്രാമീണ മേഖലയിലെ ഭൂമിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ ഈ സാധ്യത 26 ശതമാനമാണ്. ഇത് കുട്ടികളിലെ രോഗാവസ്ഥയിലേക്കും ശിശുമരണ നിരക്ക് ഉയരുന്നതിലേക്കും നയിക്കുന്നു.
ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാൻ കൂടുതൽ ശക്തമായ അന്താരാഷ്ട്ര സഹകരണം വേണമെന്നും, ദുർബല രാജ്യങ്ങളെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും യുഎൻസിടിഎഡി (UNCTAD) ആഹ്വാനം ചെയ്തു.