ഭൂചലനത്തിനിടയിലും പതറാതെ ഫാ. ഓസ്കാർ; ദിവ്യകാരുണ്യവുമായി വിശ്വാസികളെ സുരക്ഷിതനാക്കി കത്തോലിക്കാ വൈദികൻ
കൊളംബിയ: പ്രകൃതിയുടെ രൗദ്രഭാവത്തിനു മുന്നിൽ പതറാതെ പ്രാർത്ഥനയിലൂടെയും സമചിത്തതയിലൂടെയും മാതൃകയായി ഒരു കത്തോലിക്കാ വൈദികൻ. കൊളംബിയയിലെ വല്ലെ ഡെൽ കോക്കയിലുള്ള പാൽമിറ ഹോളി ട്രിനിറ്റി ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണത്തിനിടയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിനിടയിലാണ് ദൈവീക കരുതലിന്റെ ഈ മനോഹര മുഹൂർത്തം ഉണ്ടായത്.
പരിഭ്രാന്തരാകാതെ ദിവ്യകാരുണ്യവും കൈയിലേന്തി വിശ്വാസി സമൂഹത്തെ സുരക്ഷിതരായി നയിച്ച ഫാദർ ഓസ്കാർ അഗിരെ കാൽഡെറോണിന്റെ ഇടപെടൽ ഇപ്പോൾ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ശ്രദ്ധ ആകർഷിക്കുകയാണ്.
ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പ്രധാന നിമിഷത്തിലാണ് കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഭൂകമ്പം ഉണ്ടായത്. തത്സമയ സംപ്രേഷണത്തിലായിരുന്ന വിശുദ്ധ കുർബാന മധ്യേ അൾത്താരയും മാതാവിന്റെ രൂപങ്ങളും കുലുങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ വൈദികൻ ഒട്ടും പരിഭ്രമിക്കാതെ വിശുദ്ധ കുർബാന താൽക്കാലികമായി നിർത്തിവെച്ചു.
തുടർന്ന് അൾത്താരയിൽ വച്ചിരുന്ന ദിവ്യകാരുണ്യം ഭക്ത്യാനുസൃതം കൈകളിൽ ഏന്തിയ അosഹം "നമുക്ക് ശാന്തരായി പുറത്തേക്ക് ഇറങ്ങാം, ഭയപ്പെടേണ്ടതില്ല" എന്ന് വിശ്വാസികളെ ആശ്വസിപ്പിച്ചു. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു.
"ദിവ്യകാരുണ്യത്തോടൊപ്പം പള്ളിക്കു പുറത്തുകടക്കാൻ ഞങ്ങൾക്ക് സാധിച്ചു, അത് വലിയൊരു അനുഗ്രഹമായിരുന്നു. ഞങ്ങൾ കവാടത്തിലെ ആർച്ചുകളിലൊന്നിലേക്ക് മാറിനിൽക്കുകയും സമൂഹം മുഴുവൻ അടുത്തുള്ള തുറmeയ സ്ഥലത്ത് ഒന്നിച്ചുകൂടുകയും ചെയ്തു," പാൽമിറ രൂപത പങ്കുവെച്ച വീഡിയോയിൽ ഫാദർ ഓസ്കാർ ഓർത്തെടുത്തു.
എല്ലാവരും സുരക്ഷിതരായി പുറത്തെത്തിയതിന് പിന്നാലെ പള്ളിയുടെ ഗോപുരത്തിന്റെയും കൂരയുടെയും ചില ഭാഗങ്ങൾ തകർന്നു വീഴുകയും ദേവാലയത്തിനുള്ളിലേക്ക് ഇഷ്ടികകൾ പതിക്കുകയും ചെയ്തു. വൻ ദുരന്തമാണ് ഇതോടെ ഒഴിവായത്. പ്രകമ്പനങ്ങൾ പൂർണമായി ഒടുങ്ങിയ ശേഷവും എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയാണ് വൈദികൻ വിശുദ്ധ കുർബാന പുനരാരംഭിച്ചത്.
പ്രതിസന്ധികളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ പരിഭ്രാന്തരാകാതെ ദൈവത്തിൽ ശരണപ്പെടേണ്ടതിന്റെയും ആപത്തുഘട്ടങ്ങളിൽ സ്വന്തം ജീവനേക്കാൾ ഉപരിയായി ആട്ടിൻപറ്റത്തെ കരുതലോടെ നയിക്കേണ്ട നല്ലയിടയന്റെ മാതൃകയാണ് ഫാദർ ഓസ്കാർ ഈ സംഭവത്തിലൂടെ ലോകത്തിന് നൽകിയതെന്ന് പാൽമിറ രൂപതയും വിശ്വാസികളും സാക്ഷ്യപ്പെടുത്തുന്നു.