പ്രതിഷേധം അവഗണിച്ച് എഫ്‌സിആർഎ ഭേദഗതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തു
ന്യൂഡൽഹി: വിവാദങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ ) വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തു. ഭാഗികമായെങ്കിലും വിദേശ സംഭാവന ലഭിച്ച എല്ലാ സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഉള്ളടക്കവും വിദേശികളുടെ നേരിട്ടുള്ള പ്രവർത്തനങ്ങളും നിരോധിച്ചു.
സമൂഹമാധ്യമ അക്കൗണ്ടുകൾ, പ്രഖ്യാപിത ഉദ്ദേശ്യങ്ങളും നിർദിഷ്‌ട പ്രവർത്തനമേഖലകളും പ്രവർ ത്തനങ്ങളും ഭൂമിശാസ്ത്രപരമായ വ്യാപ്‌തിയും വെളിപ്പെടുത്തണം, നിർദിഷ്ട പ്രവർത്തനങ്ങളിൽ മാത്രം തുടരണം തുടങ്ങിയ നിരവധി വ്യവസ്ഥകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ എഫ്‌സിആർഎ ഭേദഗതിയിൽ ഉൾപ്പെടുത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി 28 പേജുള്ള സർക്കാർ വിജ്ഞാപനം അസാധാരണ ഗസറ്റായി തിങ്കളാഴ്‌ചയാണു പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എഫ്‌സിആർഎ ഭേദഗതി നിയമം പ്രസിദ്ധീകരിച്ചെങ്കിലും പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു.
കേരളത്തിൽ ക്രൈസ്തവ വോട്ടർമാരെ ആശങ്കയിലാഴ്ത്തിയ എഫ്‌സിആർഎ ഭേദഗതികൾ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരിന്നു. അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) ഭേദഗതി ബിൽ 2026 പാസാക്കിയേക്കുമെന്ന ആശങ്കകളെത്തുടർന്ന് ജൂണ്‍ 28 ഞായറാഴ്‌ച രാജ്യവ്യാപകമായി പ്രാർത്ഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തിട്ടുണ്ട്.