സഭകൾക്കുള്ളിലെ ഭിന്നതകൾക്ക് നടുവിലും, സുവിശേഷം പ്രഘോഷിക്കുവാൻ അമാന്തിക്കരുത്: പാപ്പാ
ഉയിർപ്പുകാലത്തിന്റെ സന്തോഷം നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ, കാന്റർബറി ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട, സാറ മുള്ളാലിയുടെ നേതൃത്വത്തിലുള്ള ആംഗ്ലിക്കൻ സഭയുടെ പ്രതിനിധികൾക്ക്, സ്വാഗതം ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
അറുപതു വർഷങ്ങൾക്ക് മുൻപ്, വിശുദ്ധ പോൾ ആറാമൻ പാപ്പായും, ആർച്ച് ബിഷപ്പ് മൈക്കൽ റാംസിയും തമ്മിലുള്ള അവിസ്മരണീയമായ കൂടിക്കാഴ്ചയും പാപ്പാ അനുസ്മരിച്ചു. ഈ പാരമ്പര്യം ഇന്നും തുടരുന്നതിൽ തനിക്കുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. അറുപത് വർഷം മുമ്പ് സ്ഥാപിതമായ റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ ശുശ്രൂഷയോടു തനിക്കുള്ള നന്ദിയും പാപ്പാ എടുത്തു പറഞ്ഞു.
ഈ ദിവസങ്ങളിലുടനീളം, ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറഞ്ഞ ആദ്യത്തെ വാക്കുകൾ, "നിങ്ങൾക്കു സമാധാനം ഉണ്ടാകട്ടെ", സഭയിലുടനീളം പ്രതിധ്വനിക്കുന്നുവെന്നും, ഈ അഭിവാദ്യം കർത്താവിന്റെ സമാധാന ദാനം സ്വീകരിക്കാൻ മാത്രമല്ല, അവിടുത്തെ സമാധാനത്തിന്റെ സന്ദേശവാഹകരാകാനും നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കർത്താവിന്റെ സമാധാനം നിരായുധമാണെന്നും, അതിനാൽ, ക്രിസ്ത്യാനികൾ ഈ യാഥാർത്ഥ്യത്തിന് പ്രവചനാത്മകവും എളിമയുള്ളതുമായ സാക്ഷ്യം വഹിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
കഷ്ടപ്പാടുകളുള്ള ലോകത്തിന് ക്രിസ്തുവിന്റെ സമാധാനം വളരെയധികം ആവശ്യമാണെങ്കിലും, ക്രിസ്ത്യാനികൾ തമ്മിലുള്ള ഭിന്നതകൾ ആ സമാധാനത്തിന്റെ ഫലപ്രദമായ വാഹകരാകാനുള്ള നമ്മുടെ കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. കൂടുതൽ ഫലപ്രദമായ സുവിശേഷവത്കരണത്തിനുവേണ്ടി ഐക്യത്തിന്റെ ആവശ്യകതയും പാപ്പാ ആവശ്യപ്പെട്ടു. ക്രിസ്തുവിൽ നാമെല്ലാവരും ഒന്നാണ് എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.
എക്യൂമെനിക്കൽ യാത്ര സങ്കീർണ്ണമാണെന്നും, ചരിത്രപരമായി ഭിന്നിപ്പിക്കുന്ന ചില വിഷയങ്ങളിൽ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സമീപ ദശകങ്ങളിൽ പുതിയ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണെന്നും എടുത്തുപറഞ്ഞ പാപ്പാ, പൂർണ്ണമായ കൂട്ടായ്മയിലേക്കുള്ള പാത തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ, ക്രിസ്തുവിനെ ലോകത്തോട് ഒരുമിച്ച് പ്രഘോഷിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നതിൽ ഈ വെല്ലുവിളികൾ തടസ്സമാകരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സൗഹൃദത്തിലും സംഭാഷണത്തിലും ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ, പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെയെന്നു പ്രാർത്ഥിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.