ദേശാഭിമാനിയിലെ കള്ളൻ വിജയൻ വിവാദം, മാറ്റിവച്ച ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി സി രാജേഷ്
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ലേഖനം പങ്കുവെച്ചത്.
തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി.സി. രാജേഷ് തയ്യാറാക്കിയ റിപ്പോർട്ട്. നാടകവേദിയിലെ 'കള്ളൻ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന രസകരമായ പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നൽകിയത്.
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ഓർമ്മക്കുറിപ്പുകളോടെ അച്ചടിച്ച ജൂലൈ 19 ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. പത്രത്തിന്റെ ഒന്നാം പേജിൽ വി.എസ്. അനുസ്മരണവും, പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികളും ട്രോളന്മാരും ദുർവ്യാഖ്യാനം ചെയ്യാൻ ഇടയാക്കുമെന്ന എഡിറ്റോറിയൽ ബോർഡിന്റെ ആശങ്കയായിരുന്നു നടപടിക്ക് പിന്നിൽ. തുടർന്ന് 20-ാം തീയതി പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും ഈ ലേഖനം പത്രത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുകയായിരുന്നു.
ഇതിനിടെ സംഭവത്തിൽ വിശദീകരണവുമായി ലേഖകൻ തന്നെ രംഗത്തെത്തിയിരുന്നു. തലക്കെട്ടിൽ വന്ന അപാകതയിൽ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് പത്രത്തിലൂടെ വായനക്കാരിലേക്ക് എത്താതെപോയ നാടകകലാകാരനായ വിജയന്റെ ജീവിതവും നാടകഗ്രാമത്തിന്റെ വിശേഷങ്ങളും ടി.സി. രാജേഷ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വായനക്കാർക്കായി പൂർണ്ണമായി പങ്കുവെച്ചത്.