മരുഭൂമികള്‍ ദൈവത്തിന്റെ നഗരവും ഉദ്യാനവുമായി മാറണം: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: പ്രത്യാശയിലേക്ക് ഏവര്‍ക്കും ക്ഷണം നല്‍കിക്കൊണ്ട്, റിമിനിയില്‍ നടക്കുന്ന 46-ാമത്, സൗഹൃദസമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശമയച്ചു.
റിമിനി രൂപതയുടെ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ നിക്കോളോ ആന്‍സെല്‍മിക്കാണ് സന്ദേശമയച്ചത്.
ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളെന്നു മുദ്രകുത്തപ്പെട്ട മരുഭൂമികളില്‍ പോലും, ജീവന്റെ പുതിയ തുടിപ്പുകള്‍ കൊണ്ടുവരുവാന്‍ സാധിക്കണമെന്നും, അപ്രകാരം, അവയെ പ്രത്യാശയുടെ ഉദ്യാനമാക്കി മാറ്റണമെന്നും പാപ്പാ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.
ദൈവം തന്റെ മക്കളുടെ കഷ്ടപ്പാടുകള്‍ നിരീക്ഷിക്കുകയും കേള്‍ക്കുകയും അറിയുകയും അവരെ മോചിപ്പിക്കാന്‍ ഇറങ്ങിവരികയും ചെയ്യുമെന്ന തിരുവെഴുത്ത്, ഈ പ്രത്യാശയിലേക്ക് നടന്നടുക്കുവാന്‍ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മരുഭൂമിയില്‍ വസിക്കുന്ന സന്യാസിമാരുടെ ജീവിതം ഇതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
അള്‍ജീരിയയിലെ രക്തസാക്ഷികളുടെ സാക്ഷ്യമാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയമെന്നതില്‍ പരിശുദ്ധ പിതാവ് അഭിനന്ദിക്കുന്നതായും സന്ദേശത്തില്‍ പറഞ്ഞു. മതങ്ങളെയും, സംസ്‌കാരങ്ങളെയും എതിര്‍ക്കുന്ന അവിശ്വാസത്തിന്റെ മതിലുകളെ മറികടന്ന്, യേശുവിനു വേണ്ടി സ്വന്തം ജീവന്‍ പോലും ത്യാഗം ചെയ്ത അവരുടെ ജീവിതം, ജീവന്റെ സംഭാഷണമാണ്, യഥാര്‍ത്ഥ പ്രേഷിതപാതയെന്നു നമുക്ക് കാട്ടിത്തരുന്നുവെന്നും പാപ്പാ പറഞ്ഞു.
കത്തോലിക്കരും, ഇതര ക്രൈസ്തവ വിഭാഗങ്ങളും, മറ്റു മതങ്ങളും, അവിശ്വാസികളുമായ ആളുകളും തമ്മിലുള്ള സംഭാഷണത്തില്‍, ശ്രവിക്കുവാനുള്ള സന്നദ്ധത, ദൈവം എല്ലാവര്‍ക്കുമായി ഇതിനകം കരുതിവെച്ചിരിക്കുന്ന ഭാവി കെട്ടിപ്പടുക്കുന്നതിനും, പരസ്പരം സ്വാഗതം ചെയ്യുന്നതിനും നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.
നിയമവും മധ്യസ്ഥതയും സംഭാഷണവും പുലരാന്‍ രാഷ്ട്രത്തിന്റെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും നേതാക്കള്‍ക്ക് കഴിയാത്തിടത്ത്, മതസമൂഹങ്ങളും പൗരസമൂഹവും പ്രതികരിക്കുവാന്‍ തയ്യാറാകണമെന്നും സന്ദേശത്തില്‍ പാപ്പാ, ശക്തമായി അഭിപ്രായപ്പെട്ടു.
ഓരോ സമുദായവും 'സമാധാനത്തിന്റെ ഭവനം' ആയിത്തീരട്ടെയെന്നും, അവിടെ സംഭാഷണത്തിലൂടെ ശത്രുത ലഘൂകരിക്കാന്‍ നാം പഠിക്കുകയും, നീതി നടപ്പാക്കുകയും, ക്ഷമ സംരക്ഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു. അതുകൊണ്ട്, വിശ്വാസം, പ്രത്യാശ, ദാനധര്‍മ്മം എന്നിവ ഒരു മഹത്തായ സാംസ്‌കാരിക പരിവര്‍ത്തനത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി പുതിയ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
ഇവിടെ ദരിദ്രര്‍ക്ക് പ്രത്യേകമായ പരിഗണന കൊടുക്കുന്നതിനും പാപ്പാ ഉദ്ബോധിപ്പിച്ചു. മറ്റുള്ളവരുടെ ശബ്ദങ്ങള്‍ നിഷേധിക്കുന്നതും, പരസ്പരം മനസിലാക്കാന്‍ വിസമ്മതിക്കുന്നതും, പരാജയപ്പെട്ടതും മനുഷ്യത്വരഹിതവുമായ അനുഭവങ്ങളാണെന്നും, ഇവയെ ജീവിതത്തില്‍ ഒഴിവാക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഡിജിറ്റല്‍ വിപ്ലവം വിവേചനവും സംഘട്ടനങ്ങളും വര്‍ദ്ധിപ്പിക്കുന്നുവെന്നും അതിനാല്‍, പരിശുദ്ധാത്മാവിനാല്‍ നിവേശിതമായ ഒരു സര്‍ഗ്ഗാത്മകത, ജീവിതത്തില്‍ പരിശീലിക്കണമെന്നും, അടിമകളാകാതെ ദൈവത്തിന്റെ മക്കളായി തീരുമ്പോള്‍ മാത്രമാണ് മരുഭൂമി ഉദ്യാനമായും, വിശുദ്ധര്‍ മുന്‍കൂട്ടി പറഞ്ഞതുപോലെ, ദൈവത്തിന്റെ നഗരമായും മാറുന്നതെന്നും പാപ്പാ പറഞ്ഞു.