മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ പേരില്‍ മനുഷ്യരെ നാടുകടത്താനുള്ള നീക്കം ഭരണഘടനാലംഘനം: കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍
വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുന്നതാണ് വന്യമൃഗ അക്രമങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന വിചിത്രമായ കണ്ടെത്തലോടെ, വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന നിര്‍മ്മിതികള്‍ നീക്കം ചെയ്യാന്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവിട്ട ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സംസ്ഥാനത്തെ മലയോരനിവാസികളെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ്.
വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം ലഭിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള വേലികളും നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ട്. ജനവാസമേഖലകളിലേയ്ക്ക് അതിക്രമിച്ചുകയറി പാവപ്പെട്ട ഗ്രാമീണരെ കുടിയൊഴിപ്പിക്കാനും അവരുടെ സ്വസ്ഥതകെടുത്താനും വനം വകുപ്പിന് അധികാരം നല്‍കുന്ന ഈ ഉത്തരവ് പിന്‍വലിക്കപ്പെടേണ്ടതാണ്.
വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിക്കാനുള്ള കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍, വനത്തിന് സമീപം ജീവിക്കുന്ന മനുഷ്യര്‍ മാത്രമാണ് അതിന്റെ കാരണക്കാര്‍ എന്ന അശാസ്ത്രീയമായ നിഗമനത്തിലാണ് ഇവിടെ വനം വകുപ്പും ജില്ലാ ഭരണകൂടവും എത്തിയിരിക്കുന്നത്.
വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്താനാണ് വനം വകുപ്പും ജില്ലാ സംസ്ഥാന ഭരണകൂടങ്ങളും തയ്യാറാകേണ്ടത്.
വനമേഖലയില്‍ അതിക്രമിച്ചുകയറി അനധികൃത നിര്‍മ്മിതികള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിക്കുക തന്നെ വേണം. എന്നാല്‍ അതിനുമറവില്‍ നിയമാനുസൃതമായി ജീവിക്കുന്ന സാധാരണക്കാരുടെ സൈ്വര്യജീവിതം തടസ്സപ്പെടാന്‍ പാടില്ല.
ദുരന്ത നിവാരണ നിയമം മനുഷ്യരുടെ സുരക്ഷയ്ക്കുവേണ്ടി നടപ്പാക്കേണ്ട നിയമമാണ്, മറിച്ച് കാലഹരണപ്പെട്ട വനനിയമങ്ങളോട് കൂട്ടിച്ചേര്‍ത്ത് ജനങ്ങളുടെ സുരക്ഷിതത്വബോധം നഷ്ടപ്പെടുത്താനും ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും അതിനെ ദുരുപയോഗിക്കാന്‍ പാടില്ല.
അതിനാല്‍ തന്നെ, ഏകപക്ഷീയവും അശാസ്ത്രീയവുമായ ഈ ഉത്തരവ് പിന്‍വലിക്കപ്പെടുക തന്നെവേണം. അല്ലാത്തപക്ഷം സമാനമായ നീക്കങ്ങള്‍ മറ്റു ജില്ലകളിലും ആവര്‍ത്തിക്കപ്പെട്ടേക്കാം.
ഇ.എസ്.എ വിജ്ഞാപനം സംബന്ധിച്ച്, കേരളമെമ്പാടുമുള്ള മലയോര ജനതയ്ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ജനവാസമേഖലകളിലുള്ള വനം വകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന് വഴിയൊരുക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം.
മാത്രവുമല്ല, ഇത്തരം ജനദ്രോഹപരമായ നിലപാടുകള്‍ വനംവകുപ്പ് വര്‍ഷങ്ങളായി പതിവായി സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍, അതുസംബന്ധിച്ച് യുക്തമായ അന്വേഷണങ്ങള്‍ നടത്തി നടപടി സ്വീകരിക്കാനും തയ്യാറാകണം.
വന്യ മൃഗങ്ങളെ വനമേഖലയില്‍ നിയന്ത്രിച്ച് നിലനിര്‍ത്താനുള്ള ശാസ്ത്രീയ സമീപനങ്ങള്‍ കൈക്കൊണ്ട് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പിന്‍വലിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.
ഫാ. ഡോ. ആന്റണി എല്‍. OFM Cap.
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍