സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം, അങ്കണവാടി ജീവനക്കാരി മരിച്ചു

 
geetha

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധയും മരണനിരക്കും വർധിക്കുന്നതായി റിപ്പോർട്ട്. പാലക്കാട് ചിറ്റൂർ പെരുമാട്ടി സ്വദേശിനിയും അങ്കണവാടി ജീവനക്കാരിയുമായ ഗീത (45) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി പനി ബാധിതയായിരുന്ന ഇവർ സാധാരണ പനിയാണെന്ന ധാരണയിൽ കഴിഞ്ഞു വരികയായിരുന്നു. രോഗം ഗുരുതരമായതിനെത്തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു.

പാലക്കാട് ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ഗീത. ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത മൊത്തം ഡെങ്കിപ്പനി മരണങ്ങളുടെ എണ്ണം ആറായി ഉയർന്നു. നേരത്തെ മണ്ണാർക്കാട് മേഖലയിൽ കേന്ദ്രീകരിച്ചിരുന്ന രോഗവ്യാപനം ഇപ്പോൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും ജില്ലയിൽ രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

പനി ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Tags

Share this story

From Around the Web