ഡെലിവറി ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍ തൊഴിലാളികള്‍ക്കും ഇനി ടെന്‍ഷനില്ലാതെ വിശ്രമിക്കാം; ആദ്യഘട്ടം മൂന്ന് ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഗിഗ് തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് വിശ്രമമുറികള്‍ ഒരുക്കുന്നു. സ്ഥിരമായ ജോലിയോ മാസശമ്പളമോ ഇല്ലാതെ കരാര്‍ അടിസ്ഥാനത്തിലും ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയും സേവനം നല്‍കുന്ന ഡെലിവറി ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
ജോലിക്ക് അനുസരിച്ച് മാത്രം പ്രതിഫലം ലഭിക്കുന്ന, ഒറ്റയ്ക്ക് പണിയെടുക്കുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള നിരവധി തൊഴിലാളികള്‍ക്ക് ഈ ഇടവേള കേന്ദ്രങ്ങള്‍ വലിയൊരു ആശ്വാസമാകും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പ്രധാന ജില്ലകളിലാണ് ഈ വിശ്രമമുറികള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ വാടകക്കെടുത്ത കെട്ടിടങ്ങളിലും പിന്നീട് കണ്ടെയ്‌നര്‍ ബ്ലോക്ക് മാതൃകയിലുമാണ് ഇവ സജ്ജീകരിക്കുക.
പദ്ധതി വിജയകരമായാല്‍ ഘട്ടം ഘട്ടമായി ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തൊഴില്‍ വകുപ്പ് ലക്ഷ്യമിടുന്നത്.
തൊഴിലാളികളുടെ സൗകര്യാര്‍ത്ഥം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ കേന്ദ്രങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. കിടക്കകള്‍, ശുചിമുറികള്‍, കുടിവെള്ളം, ടെലിവിഷന്‍ സൗകര്യം തുടങ്ങിയവയെല്ലാം ഈ വിശ്രമമുറികളില്‍ ഒരുക്കും.
തൊഴില്‍ വകുപ്പ് നേരിട്ടായിരിക്കും ഈ കേന്ദ്രങ്ങളുടെ നടത്തിപ്പും മേല്‍നോട്ടവും നിര്‍വഹിക്കുന്നത്.