ഹരിയാനയിലെ ഫരീദാബാദില്‍ പാര്‍സല്‍ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വര്‍ണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരന്‍ പിടിയില്‍
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദില്‍ പാര്‍സല്‍ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വര്‍ണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരന്‍ പിടിയില്‍.
പ്രദേശവാസിയായ വീരപ്രതാപ് സിങ് എന്ന വീരുവാണ് ഫരീദാബാദില്‍ സ്ത്രീകള്‍ മാത്രം തനിച്ചുതാമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി നടത്തിയ മോഷണത്തിന് പിടിയിലായത്. പാര്‍സല്‍ ഡെലിവറി ചെയ്യുന്ന സമയത്ത് വീട്ടില്‍ ആരൊക്കെയുണ്ടെന്ന് മനസ്സിലാക്കി വെക്കുകയും ഏതാനും മണിക്കൂറുകള്‍ക്കകം വസ്ത്രം മാറി തിരിച്ചെത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇന്നലെ വൈകിട്ടാണ് പൊലീസ് വലയിലാക്കിയത്.
വീട്ടുകാര്‍ സൂക്ഷിച്ചുവെച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം, എന്തെല്ലാം സാധനങ്ങളാണ് നഷ്ടപ്പെട്ടതെന്ന കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് പാര്‍സലുമായി വീരപ്രതാപ് വീട്ടിലെത്തുന്നത്. സാധനം കൈമാറി, പാര്‍സല്‍ റസീപ്റ്റ് നല്‍കുകയും ചെയ്താണ് ഇയാള്‍ അവിടെന്ന് മടങ്ങിയത്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം നേരത്തെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ഡെലിവറിക്കിടെ വീട്ടില്‍ ഒരു യുവതിയും പ്രായമായ ഭര്‍തൃമാതാവും മാത്രമേയുള്ളൂവെന്ന് ഇയാള്‍ മനസിലാക്കിയിരുന്നെന്നാണ് പൊലീസ് ഭാഷ്യം.
ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന പ്രായമായ സ്ത്രീയോട് വീണ്ടുമൊരു ഡെലിവറി കൂടിയുണ്ടെന്നും അത് തരാനാണ് വീണ്ടും വന്നതെന്നും പറഞ്ഞ് അയാള്‍ അകത്തുകയറി. തൊട്ടുടനെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് രണ്ട് സ്ത്രീകളെയും ഭീഷണിപ്പെടുത്തി വിലപ്പെട്ട സാധനങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു.
വീരപ്രതാപ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെലിവറി ജോലി ചെയ്യുകയാണെന്നും ഇതേ വീട്ടില്‍ തന്നെ പലതവണ വന്നിട്ടുണ്ടെന്നും പൊലീസിനെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കി. മോഷണത്തിന് മുന്‍പായി വീടും പരിസരവും കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഇതിനായി പലതവണ ഇവിടങ്ങളില്‍ വന്നുപോയിട്ടുണ്ടെന്നും എസിപി വരുണ്‍ ദാഹിയ പറഞ്ഞു.
'മോഷണത്തിന് മുന്‍പായി ഇയാള്‍ പലതവണ ഇവിടെയെല്ലാം വന്നുപോയിട്ടുണ്ട്. എല്ലായിടങ്ങളും പരിശോധിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ രണ്ട് യുവതികള്‍ മാത്രമേയുള്ളൂവെന്ന് അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. പദ്ധതികളെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയിട്ടാണ് വന്നത്'. ദാഹിയ വിശദമാക്കി.
വീട്ടുകാരുടെ പരാതി ലഭിച്ചയുടന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ശനിയാഴ്ച ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നുമില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മോഷണത്തെ കുറിച്ചും സഹായികളെ കുറിച്ചും അതിന് ശേഷം മാത്രമേ പറയാനാകൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ, ഡെലിവറിക്കായി വരുന്നവരെ വീടിന്റെ അകത്തേക്ക് കയറ്റുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് മാത്രം പാര്‍സല്‍ സ്വീകരിക്കണമെന്നും എസിപി ദാഹിയ മുന്നറിയിപ്പ് നല്‍കി.