ഒടുവില്‍ തീരുമാനമായി. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകും. പ്രഖ്യാപനം നാളെ. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേയ്ക്ക്
ഡല്‍ഹി: എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കേരളത്തിലെ മുതിർന്ന നേതാവുമായ കെസി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിയാകും എന്നുറപ്പായി. പ്രഖ്യാപനം നാളെ ഉണ്ടാകും.
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇതിനു മുന്നോടിയായി കേരളത്തിലേയ്ക് എത്തുകയാണ്.
ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധികൂടി പങ്കെടുത്ത യോഗത്തിലാണ് കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് കെസി വേണുഗോപാലിന്‍റെ പേര് അംഗീകരിച്ചാല്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞാ ചടങ്ങുകളുമായി മുന്നോട്ടു പോകാം.
അതേസമയം, ഈ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെയാണ് മലയാളം വാർത്താ ചാനലുകൾ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന നിലയിൽ ലൈവായി വാർത്തകൾ വിടുന്നത്.
ഇന്നത്തെ ദിവസം ചാനൽ റേറ്റിംഗ് പിടിച്ചുനിർത്തുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്. ഇക്കാര്യം പ്രമുഖ ചാനലുകളുടെ ഡൽഹി റിപ്പോർട്ടർമാർക്കും അറിയാം.
10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. 102 സീറ്റുകളുടെ ഭൂരിപക്ഷമുള്ള ഐക്യ ജനാധിപത്യ മുന്നണിയില്‍ 63 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.
കോണ്‍ഗ്രസിലെ നിയമസഭാ കക്ഷിയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമാണ് കെസി വേണുഗോപാലിന്‍റെ പേരിന് ലഭിച്ചത്.
കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കെസി വേണുഗോപാലിനാണ്. കെപിസിസി അധ്യക്ഷനും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരും മറ്റ് ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെ പാർട്ടി ഭാരവാഹികള്‍ക്കിടയിലും വേണുഗോപാലിനാണ് മൃഗീയ ഭൂരിപക്ഷം.
അതേസമയം പൊതുസമൂഹത്തിലെ ജനപിന്തുണയും പൊതു വിലയിരുത്തലുകളിലും വിഡി സതീശന് വലിയ മുന്‍തൂക്കമാണുള്ളത്. സതീശൻ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനത തന്നെ കേരളത്തിലുണ്ട്.
പക്ഷേ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കാലാകാലങ്ങളായി പാലിക്കുന്ന നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമസഭാ കക്ഷിയുടെ ഭൂരിപക്ഷമാണ് പ്രധാനം. ഇതുപ്രകാരമാണ് കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.