ശ്വാസംമുട്ടി ഡല്‍ഹി; പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തി
ന്യൂഡല്‍ഹി: ശ്വാസം കിട്ടാതെ രാജ്യതലസ്ഥാനം വലയുന്നു. ഡല്‍ഹിയിലെ പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളില്‍ എത്തിയെന്നാണ് കണക്ക്. ഒരു കിലോമീറ്ററില്‍ താഴെ വരെയാണ് കാഴ്ച പരിധി.
പുലര്‍ച്ചവരെ വിവിധ ഭാഗങ്ങളില്‍ വിലക്ക് മറികടന്ന് നിരോധിത പടക്കം പൊട്ടിച്ചത് മലിനീകരണ തോത് കൂട്ടി. ഡല്‍ഹിയിലെ 18 ഇടങ്ങല്‍ എക്യുഐ 'ഗുരുതര' വിഭാഗത്തിലാണ്.
ഡല്‍ഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളില്‍ 18 ഇടങ്ങളിലും എക്യുഐ 'ഗുരുതര' വിഭാഗത്തിലാണ്. ഐഐടി ഡല്‍ഹിയില്‍ 443, പഞ്ചാബി ബാഗില്‍ 433, നരേലയില്‍ 409, കന്റോണ്‍മെന്റ് ഏരിയയില്‍ 315, ധൗള കുവാനില്‍ 318, ആനന്ദ് വിഹാറില്‍ 272 എന്നിങ്ങനെയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പലയിടങ്ങളും കനത്ത പുകമഞ്ഞില്‍ മൂടിയിരിക്കുകയാണ്. ഇതോടെ നഗരത്തില്‍ ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. പടക്കം പൊട്ടിക്കുന്നത് തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.