സിജെപിയുടെ ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്, ഡല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകള്‍ ഇന്നും നാളെയും അടച്ചിടും
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ നടത്താനിരുന്ന ജന്തര്‍ മന്തര്‍ 2.0 പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്മീഷണര്‍ നൂപുര്‍ പ്രസാദ് അവകാശപ്പെട്ടു. പ്രതിഷേധത്തിന് 10 ദിവസം മുന്‍പ് അനുമതി തേടണമെന്ന വ്യവസ്ഥ സിജെപി പാലിച്ചില്ലെന്നും പൊലീസ് പറയുന്നു.
സിജെപി പ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകള്‍ ഇന്നും നാളെയും അടച്ചിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാനെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ താഴെയിറക്കിയ മാതൃകയിലാണ് സിജെപി ജന്തര്‍ മന്തര്‍ 2.0 സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സിജെപിയും കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
കേവലം ഒരു ദിവസത്തെ ധര്‍ണയില്‍ സമരം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജന്തര്‍ മന്തറില്‍ തുടര്‍ച്ചയായ പ്രക്ഷോഭത്തിന് തയാറെടുത്ത് ബാഗുകള്‍ പാക്ക് ചെയ്തു വരണമെന്നുമാണ് സിജെപിയുടെ ആഹ്വാനം. എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജന്തര്‍ മന്തറിലേക്ക് എത്താനുള്ള എല്ലാ മാര്‍ഗങ്ങളും പൊലീസ് അടച്ചുതുടങ്ങിയിട്ടുണ്ട്. ഡല്‍ഹി ഇതുവരെ കാണാത്ത ക്രമീകരണമാണ് സജ്ജമാകുന്നത്. ജമ്മു-കശ്മീരില്‍ നിന്നും ഛത്തിസ്ഗഢിലെ നക്സല്‍ ബാധിത മേഖലകളില്‍ നിന്നും അമര്‍നാഥ് യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച സംഘങ്ങളില്‍ നിന്നും വരെ പിന്‍വലിച്ച 23,000 സിആര്‍പിഎഫ് ജവാന്മാരെ ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന് ചുറ്റും നിരോധനാജ്ഞയുണ്ട്. ഇ വിടേക്കുള്ള മിക്ക പാതകളിലും ബാരിക്കേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
സിജെപി പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍ റദ്ദാക്കി. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ധീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ സര്‍വീസ് നടത്തില്ല. ബംഗാളില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള രണ്ട് രാജധാനി എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.