ടെലിഗ്രാമിന്റെ അപ്പീൽ ഡൽഹി ഹൈക്കോടതി തള്ളി; നീറ്റ് യുജി റീ-എക്സാമിന് മുന്നോടിയായുള്ള താൽക്കാലിക നിരോധനം തുടരും
പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന് കനത്ത തിരിച്ചടി. ജൂൺ 21-ന് നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ചോദ്യം ചെയ്ത് ടെലിഗ്രാം സമർപ്പിച്ച ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.
കേന്ദ്ര സർക്കാരിന്റെ നടപടി പൗരന്മാരുടെ അവകാശങ്ങളെ അനാവശ്യമായി ഹനിക്കുന്നതല്ലെന്നും സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും കുറഞ്ഞ നിയന്ത്രണം മാത്രമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് തേജസ് കാരിയയുടെ ഉത്തരവ്. ഐടി ആക്ട് സെക്ഷൻ 69A പ്രകാരം ടെലിഗ്രാമിലേക്കുള്ള പ്രവേശനം തടയാൻ കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും (NTA) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ശുപാർശ പ്രകാരമാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. മുൻപ് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കരുതൽ നടപടി. ജൂൺ 22 വരെയാണ് ഈ താൽക്കാലിക വിലക്ക് പ്രാബല്യത്തിലുള്ളത്.