ഡല്‍ഹി കൂട്ടബലാത്സംഗം; തെരുവുനായ്ക്കള്‍ കടിച്ചുകീറിയ മൃതദേഹം പുരുഷന്റേതെന്ന് കരുതി; കേസില്‍ വഴിത്തിരിവായത് ആ നക്ഷത്ര ടാറ്റു

 
UP POLICE



ഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ പതിനാറുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൃഗീയമായ കൊലപാതകത്തിന് ശേഷം വിജനമായ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു.


 മൃതദേഹത്തിന്റെ രൂപമാറ്റം കണ്ട് ഇത് ഒരു മധ്യവയസ്‌കനായ പുരുഷന്റേതാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ മോര്‍ച്ചറിയില്‍ വെച്ച് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഇടതുകൈയില്‍ കണ്ടെത്തിയ മൂന്ന് നക്ഷത്രങ്ങളുടെ ടാറ്റുവും സിസിടിവി ദൃശ്യങ്ങളുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

സെപ്റ്റംബര്‍ 11-നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, സെപ്റ്റംബര്‍ 13-ന് രാവിലെ ഏഴരയോടെയാണ് സ്വരൂപ് നഗറിലെ ഒരു പാടത്ത് മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് തലയോട്ടിയും നെഞ്ചെല്ലും പുറത്തുകാണുന്ന നിലയില്‍ പൂര്‍ണ്ണമായും അഴുകിയ ഒരു മൃതദേഹമാണ്. വലതുകൈ പൂര്‍ണമായി അറ്റുപോയിരുന്നു.

 ശരീരത്തില്‍ ആറോളം കുത്തേറ്റ മുറിവുകളുമുണ്ടായിരുന്നു. മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം തെരുവുനായ്ക്കളും മറ്റ് മൃഗങ്ങളും മൃതദേഹം കടിച്ചു വികൃതമാക്കിയിരുന്നു.

അഹീെ ഞലമറ: ഇരുളുമറയില്‍ കാലിത്തീറ്റയെന്ന വ്യാജേന ലോറികളിലെത്തും; പെരുമ്പാവൂരിലെ രഹസ്യ ഗോഡൗണില്‍ നിന്ന് ഹാന്‍സ് ശേഖരം പിടികൂടി

തുടക്കത്തില്‍ പുരുഷന്റെ മൃതദേഹമാണെന്ന് കരുതിയ കേസില്‍, മോര്‍ച്ചറിയിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണമാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. മൃതദേഹത്തിന്റെ ഇടതുകൈയില്‍ വരിയായി വരച്ച മൂന്ന് നക്ഷത്രങ്ങളുടെ ടാറ്റു അദ്ദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായിട്ടും സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്ന് കരുതി കുടുംബം പരാതി നല്‍കാതിരുന്നത് പൊലീസിനെ തുടക്കത്തില്‍ കുഴക്കിയിരുന്നു. 

തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സംശയാസ്പദമായ രീതിയില്‍ ഒരു ടെംപോ വാന്‍ സംഭവസ്ഥലത്ത് എത്തിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനത്തിന്റെ ഇടതുവശത്തെ പ്രത്യേക ഡിസൈന്‍ പിന്തുടര്‍ന്ന് സെപ്റ്റംബര്‍ 16-ന് പുലര്‍ച്ചെ പൊലീസ് ഈ ടെംപോ കണ്ടെത്തുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ 17 വയസ്സുകാരനായ പ്രധാന പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ മുന്‍പ് തന്നെ പരിചയമുണ്ടായിരുന്ന ഇയാള്‍ മറ്റ് മൂന്ന് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് പ്രതികള്‍ അവളെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പാടത്ത് തള്ളിയത്. പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രി നഗറിലുള്ള പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് കണ്ടെത്തി. 

സഹോദരി ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന ചിത്രത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കയ്യിലെ നക്ഷത്ര ടാറ്റു തിരിച്ചറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടത് ഈ പതിനാറുകാരിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ 19 വയസ്സുകാരനായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രധാന പ്രതിയുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web