കുട്ടികള്‍ക്കായുള്ള പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭാസംഘടനകള്‍

കുട്ടികള്‍ക്കായുള്ള പ്രതിരോധ വാക്‌സിനുകള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭാസംഘടനകള്‍
വത്തിക്കാന്‍: ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം യൂറോപ്പും മദ്ധ്യ ഏഷ്യയുമുള്‍പ്പെടുന്ന പ്രദേശങ്ങളിലെ 53 രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കിവരുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പ്രദേശത്ത് അഞ്ചാംപനി , വില്ലന്‍ ചുമ തുടങ്ങിയവ വീണ്ടും വര്‍ദ്ധിക്കുന്നതിന് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്രസഭാസംഘടനകളായ യൂണിസെഫും ലോകാരോഗ്യസംഘടനയും പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
2024-ലെ കണക്കുകള്‍ പ്രകാരം യൂറോപ്പും മദ്ധ്യ ഏഷ്യയുമുള്‍പ്പെടുന്ന പ്രദേശങ്ങളിലെ 53 രാജ്യങ്ങളില്‍ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം പേര്‍ക്കാണ് വില്ലന്‍ ചുമ ബാധിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് മൂന്നിരട്ടി ആളുകളാക്കാണ് ഈ അസുഖം ബാധിച്ചിട്ടുള്ളത്.
ഇതേ കാലയളവില്‍ ഈ പ്രദേശത്ത് ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് അഞ്ചാം പനി ബാധിച്ചതായും ഐക്യരാഷ്ട്രസഭാസംഘടനകള്‍ തങ്ങളുടെ സംയുക്തപത്രക്കുറിപ്പില്‍ എഴുതി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേര്‍ക്കാണ് ഈ അസുഖം ബാധിച്ചത്.
കോവിഡ് മഹാമാരിയുണ്ടാകുന്നതിന് മുന്‍പ് അഞ്ചാംപനിക്കും വില്ലന്‍ചുമയ്ക്കും എതിരായ പ്രതിരോധമരുന്നുകള്‍ ലഭിച്ചിരുന്ന കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് 2024-ല്‍ ഒരു ശതമാനം കുറവ് കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഈ മരുന്നുകള്‍ ലഭ്യമായതെന്ന് സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ ആഗോളതലത്തില്‍ 89 ശതമാനം കുട്ടികള്‍ക്കും പ്രതിരോധമരുന്നുകളുടെ ഒരു ഡോസെങ്കിലും ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുന്നതിലെ അസമത്വങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി, യൂറോപ്പും മദ്ധ്യ ഏഷ്യയുമുള്‍പ്പെടെയുള്ള ഇടങ്ങളിലെ പ്രാദേശിക ആരോഗ്യനേതൃത്വങ്ങളുമായി തങ്ങള്‍ യോജിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും തങ്ങളുടെ സംയുക്തപ്രസ്താവനയില്‍ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും വ്യക്തമാക്കി.