നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ചികിത്സാ കാലതാമസം; രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു: ആരോഗ്യമന്ത്രി

 
MURALEEDHARAN

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി. രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. 

രോഗിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല. മുന്‍ എംഎല്‍എയുടെ ശിപാര്‍ശ പ്രകാരമാണ് സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചത്.

ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡിഎച്ച്എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ ക്യൂവില്‍ നിര്‍ത്തിയെന്നാണ് പരാതി. 

ചികിത്സ വൈകിയതിന് പിന്നിലെ കാരണക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന് ആരോപണവിധേയനായ സെക്യൂരിറ്റിയെ അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്.

രാജേഷിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നിലവില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാരന് മാത്രമല്ല പിഴവുണ്ടായതെന്ന് മരിച്ച രാജേഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. 

Tags

Share this story

From Around the Web