അൽമുദേനയിലെ പരിശുദ്ധ അമ്മയ്ക്ക് മാഡ്രിഡിലെ വിശ്വാസികളെ സമർപ്പിച്ചും അവർക്കൊപ്പം പ്രാർത്ഥിച്ചും ലിയോ പതിനാലാമൻ പാപ്പാ

 
Almudhin

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സ്പെയിനിലേക്ക് ജൂൺ 6 മുതൽ 12 വരെ തീയതികളിലായി നടത്തുന്ന അപ്പസ്തോലികയാത്രയുടെ തുടർവിവരണത്തിലൂടെയാണ് നാം മുൻപോട്ടു പോകുന്നത്.

തന്റെ നാലാമത്തെ വിദേശ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ജൂൺ ആറാം തീയതി ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് സ്പെയിനിലേക്ക് യാത്രയായ പാപ്പാ തലസ്ഥാനനഗരിയായ മാഡ്രിഡിലെത്തുകയും ഔദ്യോഗികസ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ച പരിശുദ്ധ പിതാവ്, അബലർക്കും ആലംബഹീനർക്കും അഭയമേകുന്ന സേദിയ 24 അഭയകേന്ദ്രം സന്ദർശിക്കുകയും, പിന്നീട് വൈകുന്നേരം ആറുലക്ഷത്തോളം യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസമ്മേളനം നടത്തുകയും ചെയ്തു. ജൂൺ ഏഴാം തീയതി ഉച്ച കഴിഞ്ഞ്, നഗരത്തിലുള്ള സിബേലെസ് ചത്വരത്തിൽ പന്ത്രണ്ടു ലക്ഷത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ച പരിശുദ്ധ പിതാവ്, മാഡ്രിഡ് നഗരത്തിലുള്ള അഗസ്റ്റീനിയൻ സമൂഹങ്ങങ്ങളെ സന്ദർശിക്കുകയും, പിന്നീട് മോവിസ്റ്റാർ അരീനയിൽ വച്ച് സംസ്കാര, കലാ, സാമ്പത്തിക, സ്പോർട്സ് രംഗങ്ങളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എട്ടാം തീയതി രാവിലെ സ്പെയിനിന്റെ പാർലമെന്റ് മന്ദിരത്തിലെത്തിയ പാപ്പാ, അവിടെയുള്ള ജനപ്രതിനിധികളെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു.

ഏറെ പ്രധാനപ്പെട്ട ഈ സമ്മേളനത്തിന് ശേഷം രാജ്യത്തെ പ്രദേശികസഭാനേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പരിശുദ്ധ പിതാവ് മെത്രാൻസമിതിയുടെ മന്ദിരത്തിലെത്തുകയും അവർക്കൊപ്പം സമയം ചിലവിടുകയും ചെയ്‌തു. തുടർന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് തിരികെ പോവുകയും അവിടെ രാജ്യത്തെ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്‌തത്‌ വരെയുള്ള വിവരണമാണ് വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി കഴിഞ്ഞ ദിവസം അതിന്റെ വത്തിക്കാൻ ന്യൂസ് വെബ്സൈറ്റിലൂടെയും റേഡിയോയിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും പങ്കുവച്ചത്.

ജൂൺ എട്ടാം തീയതി ഉച്ചകഴിഞ്ഞ് നാലര മുതൽ നൂൺഷ്യേച്ചറിൽ വച്ച് നടന്ന ചില സ്വകാര്യ കൂടിക്കാഴ്ചകൾക്ക് ശേഷമുള്ള പരിശുദ്ധ പിതാവിന്റെ പ്രധാന പരിപാടികൾ, വൈകുന്നേരം അൽമുദേനയിൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിലെ (Santa María la Real de la Almudena) പ്രാർത്ഥന, സാന്തിയാഗോ ബെർനബേവു (Santiago Bernabéu) സ്റ്റേഡിയത്തിൽ അതിരൂപതാ വിശ്വാസിസമൂഹവുമൊത്തുള്ള പ്രാർത്ഥനാസമ്മേളനം എന്നിവയായിരുന്നു.

അൽമുദേന കത്തീഡ്രൽ സന്ദർശനം

ജൂൺ എട്ടാം തീയതി അൽമുദേനയിലെ സെന്റ് മേരി ല റെയാൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കും പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനുമായി വൈകുന്നേരം അഞ്ചേമുക്കാലോടെ പാപ്പാ കാറിൽ യാത്രയായി.

1879-ൽ പരിശുദ്ധ അമ്മയ്ക്കുവേണ്ടിയുള്ള ഒരു സ്മാരകമായി പണി ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ തയ്യാറെടുപ്പുകൾക്ക് ശേഷം 1883-ൽ കല്ലിട്ട ഈ സമുച്ചയം, എന്നാൽ പിന്നീട് ലിയോ പതിമൂന്നാമൻ പാപ്പാ മാഡ്രിഡ് രൂപത സ്ഥാപിച്ചതോടെ, കത്തീഡ്രൽ ദേവാലയമാക്കി മാറ്റാൻ തീരുമാനിക്കപ്പെടുകയായിരുന്നു. 1911-ൽ മാത്രമാണ് ഈ ദേവാലയത്തിന്റെ ക്രിപ്ട് ഉദ്ഘടനം ചെയ്യപ്പെട്ടത്. പിന്നീട് യുദ്ധങ്ങളും മറ്റു ബുദ്ധിമുട്ടുകളും മൂലം വിവിധ തടസ്സങ്ങൾ നേരിട്ട ഈ പണികൾ അവസാനിച്ചത് 1993-ലാണ്. സ്പെയിനിലേക്കുള്ള തന്റെ നാലാമത്തെയും, തന്റെ പൊന്തിഫിക്കേറ്റിലെ അൻപത്തിയൊൻപതാമത്തെയും അപ്പസ്തോലികയാത്രയുടെ ഭാഗമായി രാജ്യത്തെത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് 1993 ജൂൺ 15-ന് ഈ ദേവാലയം കൂദാശ ചെയ്തത്.

നൂൺഷ്യേച്ചറിൽനിന്ന് ഏതാണ്ട് പതിനെട്ട് കിലോമീറ്ററുകൾ അകലെയുള്ള ഈ അതിമനോഹരമായ ദേവാലയത്തിലെത്തിൽ വൈകുന്നേരം ആറുമണിയോടെ എത്തിയ പാപ്പായെ, മാഡ്രിഡ് ആർച്ച്ബിഷപ് കർദ്ദിനാൾ ഹൊസേ കോബോ കാനോയും (Cardinal José Cobo Cano) സഹായമെത്രാനും ഉൾപ്പെടുന്ന സംഘം സ്വാഗതം ചെയ്തു.

തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രാരംഭഗാനത്തിന് ശേഷം അതിരൂപതാദ്ധ്യക്ഷൻ പാപ്പായെ സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് നടന്ന പ്രാർത്ഥനയ്ക്കും സുവിശഷവായനയ്ക്കും ശേഷം പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി.

പ്രഭാഷണശേഷം പാപ്പാ പരിശുദ്ധ അമ്മയ്ക്ക് "സ്വർണ്ണ റോസാപ്പൂ" സമർപ്പിച്ചു. തുടർന്ന് ആലപിക്കപ്പെട്ട അൽമുദേനയിലെ പരിശുദ്ധ അമ്മയോടുള്ള ഗാനാലാപനത്തിനും പ്രാർത്ഥനകൾക്കും ശേഷം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകി.

അതിരൂപതാവിശ്വാസിസമൂഹത്തിനൊപ്പമുള്ള സമ്മേളനം

മാഡ്രിഡ് അതിരൂപതാ കത്തീഡ്രലിലെ പ്രാർത്ഥനയ്ക്ക് ശേഷം അവിടെനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള സാന്തിയാഗോ ബെർനബേവു സ്റ്റേഡിയത്തിൽ അതിരൂപതാവിശ്വാസിസമൂഹത്തിനൊപ്പമുള്ള സമ്മേളനത്തിനായി ആറരയോടെ പരിശുദ്ധ പിതാവ് യാത്രയായി.

റിയൽ മാഡ്രിഡ് ഫുടബോൾ ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം 1947-ൽ ഉത്‌ഘാടനം ചെയ്യപ്പെട്ടതാണ്. നിരവധി അറ്റകുറ്റപ്പണികൾക്കും മാറ്റങ്ങൾക്കും വിധേയമായ ഈ സ്റ്റേഡിയത്തിൽ എൺപത്തിനായിരത്തിലധികം ആളുകൾക്ക് ഇരിപ്പിടമുണ്ട്.

ആറേമുക്കാലോടെ സ്റ്റേഡിയത്തിലെത്തിയ പാപ്പാ ആളുകൾക്കിടയിലൂടെ ഗോൾഫ് കാറിൽ സഞ്ചരിക്കുകയും, ഏഴുമണിയോടെ പ്രധാന സ്റ്റേജിലെത്തുകയും ചെയ്തു. അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ കാനോയാണ് പരിശുദ്ധ പിതാവിനെ സ്വീകരിച്ചത്.

തുടർന്ന് നടന്ന ചടങ്ങിൽ സ്വാഗതഗാനവും, അതിരൂപതാദ്ധ്യക്ഷന്റെ സ്വാഗതപ്രസംഗവും, മാഡ്രിഡിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് അൽമായപ്രതിനിധികളുടെയും ഒരു വൈദികന്റേയും, ഒരു കുടിയേറ്റകുടുംബത്തിന്റെയും, അടുത്തിടെ ജ്ഞാനസ്നാനം സ്വീകരിച്ച ഒരു യുവാവിന്റെയും സാക്ഷ്യവും ഗാനാലാപനവുമുൾപ്പെടെയുള്ള പരിപാടികൾ നടന്നു. തുടർന്ന് പരിശുദ്ധ പിതാവ് അതിരൂപതാസമൂഹത്തെ അഭിസംമബോധന ചെയ്‌ത്‌ സംസാരിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണശേഷം ഏവരും പ്രാർത്ഥന ചൊല്ലുകയും പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. സമാപനഗാനാലാപനത്തിന് ശേഷം വൈകുന്നേരം എട്ടുമണിയോടെ പരിശുദ്ധ പിതാവ് അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് കാറിൽ യാത്രയായി. അവിടെത്തിയ പാപ്പാ, ഭക്ഷണം കഴിച്ച ശേഷം വിശ്രമിച്ചു.

സന്നദ്ധപ്രവർത്തകർക്കൊപ്പമുള്ള സമ്മേളനം

ജൂൺ ഒൻപത് ചൊവ്വാഴ്‌ച രാവിലെ പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക പരിപാടികളിൽ ആദ്യത്തേത്, മാഡ്രിഡ് നഗരത്തിൽത്തനെയുള്ള ഒരു പ്രധാന പ്രദർശന-മേളാ സമുച്ചയമായ "ഇഫേമ മാഡ്രിഡിൽ" (IFEMA Madrid) വച്ച്, സന്നദ്ധപ്രവർത്തകർക്കൊപ്പമുള്ള സമ്മേളനമായിരുന്നു.

സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ടതും, യൂറോപ്പിലെ പ്രധാന എക്സിബിഷൻ സെന്ററുകളിൽ ഒന്നുമായ ഈ സമുച്ചയം, വലിയ അന്താരാഷ്ട്ര വ്യാപാരമേളകൾ, പ്രദർശനങ്ങൾ, കോൺഫറൻസുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കപ്പെടുന്ന ഒരിടമാണ്. 1980-ൽ സ്ഥാപിക്കപ്പെട്ട ഇവിടെ നിരവധി വലിയ ഹാളുകൾ, കോൺഫറൻസ് സൗകര്യങ്ങൾ, പ്രദർശന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ പതിമൂന്ന് പ്രധാന പവലിയനുകളുണ്ട്. രണ്ടുലക്ഷത്തിനാൽപ്പതിനായിരം ചതുരശ്രമീറ്ററാണ് ഇതിന്റെ മൊത്തം ചുറ്റളവ്.

രാവിലെ ഏഴുമണിക്ക് അപ്പസ്തോലിക നൂൺഷ്യേച്ചറിൽ വിശുദ്ധബലിയർപ്പിച്ച പാപ്പാ, പിന്നീട് ചില സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തുടർന്ന് ഒൻപതേമുക്കാലോടെ നൂൺഷ്യേച്ചറിൽനിന്ന് യാത്രപറഞ്ഞിറങ്ങിയ പാപ്പാ, പത്തുമണിയോടെ ഇഫേമ മാഡ്രിഡ് സമുച്ചയത്തിലേക്ക് കാറിൽ യാത്രയായി. പത്തേകാലോടെ അവിടെയെത്തിയ പാപ്പാ, ഗോൾഫ് കാറിൽ ആളുകൾക്കിടയിലൂടെ സഞ്ചരിക്കുകയും, പത്തേമുക്കാലോടെ സമുച്ചയത്തിന്റെ മൂന്നാം നമ്പർ പവലിയനിൽ ഒരുക്കപ്പെട്ടിരുന്ന സ്റ്റേജിലേക്കെത്തുകയും ചെയ്തു. മാഡ്രിഡ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ കാനോയും പരിശുദ്ധ പിതാവിനെ അനുഗമിച്ചിരുന്നു.

തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ, സ്വാഗതഗാനത്തിന് ശേഷം, വിവിധ സാക്ഷ്യങ്ങളും, കലാപരിപാടികളും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ഇവയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഏവരെയും അഭിസംബധന ചെയ്‌ത്‌ സംസാരിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം നടന്ന സംഗീതപരിപാടിയെത്തുടർന്ന് കർദ്ദിനാൾ കാനോ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. സമ്മേളനത്തിന്റെ അവസാനം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകി.

പരിശുദ്ധ പിതാവ് ബാഴ്സലോണയിലേക്ക്

സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയിൽ മാഡ്രിഡ് നഗരത്തിലെ അവസാന പരിപാടിയായിരുന്ന സന്നദ്ധപ്രവർത്തകർക്കൊപ്പമുള്ള സമ്മേളനത്തിന് ശേഷം ഈ യാത്രയുടെ അടുത്ത പാദമായ ബാഴ്സലോണയിലേക്ക് യാത്രയാകാൻവേണ്ടി സമ്മേളനസ്ഥലത്തുനിന്ന് പരിശുദ്ധ പിതാവ് മാഡ്രിഡിലെ അഡോൾഫോ സുവാരസ് മാഡ്രിഡ്-ബാരാഹാസ് (Adolfo Suárez Madrid-Barajas) അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. മൂന്ന് കിലോമീറ്ററുകൾ അകലെയുള്ള ഈ വിമാനത്താവളത്തിൽ പതിനൊന്ന് മണിയോടെയെത്തിയ പരിശുദ്ധ പിതാവ്, മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും തുടർന്ന് പതിനൊന്നേമുക്കാലോടെ ബാഴ്സലോണയിലേക്ക് യാത്രയാകുകയും ചെയ്തു. അഞ്ഞൂറ് കിലോമീറ്ററുകളോളം നീണ്ട വിമാനയാത്രയ്ക്ക് ശേഷം, ഉച്ചകഴിഞ്ഞ് പന്ത്രണ്ടേമുക്കാലോടെ പരിശുദ്ധ പിതാവ് ബാഴ്സലോണ ജോസെപ് താരദെയ്യാസ് ബാഴ്സലോണ-എൽ പ്രാത് (Josep Tarradellas Barcelona-El Prat) അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി.

Tags

Share this story

From Around the Web